സ്വന്തം നിലയിൽ നിയമപോരാട്ടത്തിന് കന്യാസ്ത്രീ,കോടതി വിധിക്കെതിരെ അപ്പീൽ നല്കും
പ്രോസ്ക്യൂഷന് പുറമേയാണ് സ്വന്തം നിലക്ക് അപ്പീൽ നൽകുന്നത്
ഫ്രാങ്കോ മുളക്കലിനെ വെറുത വിട്ട കോടതി വിധിക്കെതിരെ കന്യാസ്ത്രി അപ്പീൽ നല്കും. സ്വന്തം നിലക്കായിരിക്കും അപ്പീലിന് പോവുക. പ്രോസ്ക്യൂഷന് പുറമേയാണ് സ്വന്തം നിലക്ക് അപ്പീൽ നല്കുന്നത്. സേവ് ഔവർ സിസ്റ്റേഴ്സ് ആയിരിക്കും കന്യാസ്ത്രീക്ക് ആവശ്യമായ നിയമ സഹായം നൽകുക. കുറുവിലങ്ങാട് മഠത്തില് നിന്നാണ് കന്യാസ്ത്രി മാധ്യമങ്ങളെ വിവരം അറിയിച്ചത്.
അതിനിടെ, ബിഷപ്പ് ഫ്രാങ്കോ കേസിൽ അതിവേഗം അപ്പീൽ നൽകാനുള്ള സാധ്യതയും പൊലീസ് തേടി. കോട്ടയം ജില്ലാ പൊലീസ് മേധാവി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂറ്ററോട് നിയമോപദേശം തേടി. നിയമോപദേശത്തിന് ശേഷം അപ്പീൽ നൽകാൻ ഡിജിപി മുഖേന സർക്കാരിന് കത്ത് നൽകും. അടുത്ത ആഴ്ച തന്നെ നടപടികൾ പൂർത്തിയാക്കാനാണ് പൊലീസിന്‍റെ നീക്കം.
കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയത്. വിചാരണക്കിടെ ഫ്രാങ്കോ കുറ്റം നിഷേധിച്ചിരുന്നു.
ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. ദൈവത്തിന് മുന്നിലെ സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടേ എന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞിരുന്നു. 105 ദിവസത്തെ രഹസ്യ വിചാരണയ്ക്ക് ശേഷമാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ കോടതി വിധി പറഞ്ഞത്.