അപകടത്തിൽ മരിച്ചെന്ന് കരുതിയ യുവതിക്ക് രക്ഷകരായി പൊലീസുകാർ; അഭിനന്ദന പ്രവാഹം

സ്കൂട്ടറിൽ നിന്നും മറിഞ്ഞുവീണ യുവതി തലയിൽനിന്ന് അമിതമായി രക്തം വാർന്ന് അബോധാവസ്ഥയിൽ റോഡിൽ കിടക്കുകയായിരുന്നു.

Update: 2024-06-14 06:07 GMT
Advertising

പാലക്കാട്: അപകടത്തിൽ മരിച്ചെന്നു കരുതിയ യുവതിക്ക് രക്ഷകരായി പൊലീസുകാർ. പാലക്കാട് എരുമപ്പെട്ടി സ്റ്റേഷനിലെ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ യു. മഹേഷ്, സിവിൽ പൊലീസ് ഓഫീസറും ഡ്രൈവറുമായ പ്രജീഷ് എന്നിവരാണ് യുവതിയുടെ ജീവന് രക്ഷകരായത്. വെള്ളറക്കാട് സ്വദേശിനി 45കാരി ഷാഹിദയ്ക്കാണ് സ്കൂട്ടറിൽനിന്ന് വീണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

ആദൂർ പാടം റോഡിൽ പെട്രോളിങ് നടത്തുകയായിരുന്നു എസ്.ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. ഇതിനിടെയാണ് ഇടറോഡിൽ നിന്ന് ഉറക്കെയുള്ള സ്ത്രീയുടെ അലർച്ച കേട്ടത്. പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും സ്കൂട്ടറിൽ നിന്നും മറിഞ്ഞുവീണ യുവതി തലയിൽനിന്ന് അമിതമായി രക്തം വാർന്ന് അബോധാവസ്ഥയിൽ റോഡിൽ കിടക്കുകയായിരുന്നു. സംഭവ സമയത്ത് സ്ഥലത്തെത്തിയവരെല്ലാം യുവതി മരിച്ചെന്നാണ് കരുതിയത്.

മറ്റു വാഹനങ്ങളൊന്നും ലഭിക്കില്ലെന്ന് മനസിലാക്കിയതോടെ ഒട്ടും മടിച്ചുനിൽക്കാതെ എസ്ഐ മഹേഷും ഡ്രൈവർ പ്രജീഷും നാട്ടുകാരും ചേർന്ന് പെട്ടെന്ന് തന്നെ യുവതിയെ പൊലീസ് ജീപ്പിൽ കയറ്റി മിന്നൽ വേഗത്തിൽ കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ചികിത്സയ്ക്ക് ശേഷം യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. വീഴ്ചയിൽ തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവുകൾ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് യുവതിയുടെ ജീവൻ രക്ഷിച്ചതോടെ നാട്ടുകാരും സഹപ്രവർത്തകരും പൊലീസുകാർക്ക് അഭിനന്ദനവുമായി എത്തി.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News