‘ഈ ശശിധരനാണ് പിണറായി കാലത്തെ മലപ്പുറം എസ്പി എന്നത് യാദൃശ്ചികമാണോ’; ചർച്ചയായി മുൻ മജിസ്ട്രേറ്റിന്റെ പോസ്റ്റ്
‘പാനായിക്കുളം കേസിലെ പ്രതിക്ക് ജാമ്യം നൽകിയതിന് തന്നെ സിമിക്കാരനാക്കി സസ്‌പെൻഡ് ചെയ്യാൻ ശ്രമിച്ചു’
കോഴിക്കോട്: മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് എസ്. ശശിധരനെതിരെ ഗുരുതര ആരോപണവുമായി മുൻ മജിസ്ട്രേറ്റ് മുഹമ്മദ് താഹ. പാനായിക്കുളം എൻഐഎ കേസിലെ 17ാം പ്രതി നിസാമിന് ജാമ്യം നൽകിയതിന് അന്ന് കേസ് അന്വേഷിച്ച ശശിധരൻ തന്നെ സിമിക്കാരനാക്കി സസ്‌പെൻഡ് ചെയ്യാൻ ശ്രമിച്ചെന്നാണ് ആരോപണം. പൊലീസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ശശിധരനെതിരായ ആരോപണങ്ങൾ മുഹമ്മദ് താഹ ഫേസ്ബുക്കിൽ വീണ്ടും പങ്കുവെച്ചത്.
പാനായിക്കുളം കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി നടപടി സുപ്രിംകോടതി ശരിവെച്ചിരുന്നു. ഈ സമയത്തും ശശിധരനെതിരായ ആരോപണം മുഹമ്മദ് താഹ ‘മീഡിയവണി’നോട് വെളിപ്പെടുത്തിയിരുന്നു. പാനായിക്കുളം കേസിന്റെ പേരിൽ തന്നെ പീഡിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2009ലാണ് പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായി മുഹമ്മദ് താഹ ചുമതലയേൽക്കുന്നത്. എന്നാൽ, പാനായിക്കുളം കേസിലെ പ്രതിക്ക് ജാമ്യം നൽകിയെന്ന കാരണം ചൂണ്ടിക്കാട്ടി ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹത്തെ കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ ചെയ്തു. തനിക്ക് സിമി ബന്ധമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടന്നുവെന്നും അതിൽ താൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെന്നും മുഹമ്മദ് താഹ വ്യക്തമാക്കുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എന്നെ സിമിയാക്കിയത് ഈ ശശിധരൻ.
ഞാൻ നോർത്ത് പറവൂർ മജിസ്ട്രേറ്റ് ആയി ജോലി ചെയ്യുന്ന 2009 കാലത്താണ് പാനയിക്കുളം NIA കേസിലെ 17ാം പ്രതി നിസാമിനെ എന്റെ മുന്നിൽ ഹാജരാക്കിയത്. നിയമപ്രകാരം പ്രതിക്ക് വല്ല പരാതിയും ഉണ്ടോ എന്ന് ചോദിച്ചു.
നേരം വെളുത്തിട്ടു ഒന്നും കഴിച്ചിട്ടില്ല എന്ന് പ്രതി ഓപ്പൺ കോർട്ടിൽ പറഞ്ഞു. ആരാണ് പ്രതിയെ ഹാജരാക്കിയത് എന്ന് ചോദിച്ചപ്പോൾ ശശിധരൻ മുന്നോട്ടു കയറിനിന്നു. ഇയാൾക്ക് ഭക്ഷണം വാങ്ങി കൊടുത്തിട്ടു കൊണ്ടുവരൂ എന്ന് പറഞ്ഞു. ശശിധരന് അത് പിടിച്ചില്ല. അതയാളുടെ മുഖഭാവത്തിൽ പ്രകടം. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പ്രതിയെ വീണ്ടും ഹാജരാക്കി. Police ആവശ്യപ്പെട്ട പ്രകാരം ആ പയ്യനെ police കസ്റ്റടിയിൽ രണ്ടു ദിവസത്തേക്ക് വിട്ടു.
രണ്ടു ദിവസം കഴിഞ്ഞു പ്രതിയെ വീണ്ടും ഹാജരാക്കി. പ്രോസീക്യൂഷൻ ആവശ്യപ്പെട്ടത് പോലെ അയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ ആലുവ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. അപ്പോഴാണ് പ്രതിയുടെ അഭിഭാഷകൻ പ്രതിയുടെ ജാമ്യഅപേക്ഷയെക്കുറിച്ചും അയാൾ കഴിഞ്ഞ നാളുകളിൽ നാട്ടകം പോളിടെക്നിക്കിൽ പഠിക്കുകയായിരുന്നു എന്നും അയാളുടെ സെമസ്റ്റർ എക്സാം അടുത്ത ആഴ്ച്ച ആണ് എന്നും പറയുന്നത്.
അപ്പോൾ ഞാൻ കേസ് ഡയറി എവിടെ എന്ന് ചോദിച്ചു. അത് പൂർത്തിയാകാത്തത് കൊണ്ടു ഹാജരാക്കാൻ സമയം വേണം എന്ന് ശശിധരൻ പറഞ്ഞു. വൈകിട്ടു അഞ്ചു മണിക്ക് മുൻപ് കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചു. ജാമ്യഅപേക്ഷ പരിഗണിക്കാനായി അടുത്ത ദിവസത്തേക്ക് വെച്ചു.
കേസ് ഡയറി ഹാജരാക്കാനുള്ള നിർദേശവും ശശിധരന് പിടിച്ചില്ല. എന്തായാലും അയാൾ ഡയറി പൂർത്തിയാക്കി കോടതിയിൽ ഏല്പിച്ചു. രാത്രി ആ ഡയറി ആദ്യാവസാനം സൂക്ഷ്മമായി വായിച്ചു നോക്കിയ എനിക്ക് ആ പതിനേഴാം പ്രതിയെ കേസുമായി ബന്ധിപ്പിക്കുന്ന ഒന്നും കാണാൻ കഴിഞ്ഞില്ല.
ജുഡീഷ്യൽ അക്കാഡമിയിൽനിന്നും ജസ്റ്റിസ് ബസന്ത് സാർ ഭരണഘടന മൂല്യങ്ങൾ ഉയർത്തി പൗരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ജുഡീഷ്യൽ ഓഫീസർക്കുണ്ട് എന്നു ക്ലാസ്സ് എടുത്തിരുന്നു. ആ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, ആകുട്ടിയുടെ പഠനവും പരീക്ഷയും തടസപ്പെടുത്തുന്നത് നീതി അല്ല എന്ന് ഉത്തമ ബോധ്യം വന്നതുകൊണ്ട് ഞാൻ ആ പയ്യന് ഉപധിയോട് ജാമ്യം നൽകി.
ശശിധരൻ അദ്ദേഹത്തിന്റെ അതേ ആശയഗതി പിന്തുടരുന്ന അന്നത്തെ ഹൈകോടതിയിലെ വിജിലൻസ് director ആയിരുന്ന മാന്യദേഹത്തെ കൂട്ട് പിടിച്ചു എന്നെ സിമിക്കാരൻ ആക്കി സസ്‌പെൻഡ് ചെയ്യിക്കാൻ കൊടും ശ്രമം നടത്തി എന്ന് അന്ന് ഹൈകോടതി ജഡ്ജി ആയിരുന്ന പയസ് സാർ എന്നോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ പോലെയുള്ള ചിലർ ജുഡീഷ്യൽ ഓർഡർ പ്രകാരം ജാമ്യം നൽകിയതിന് സസ്‌പെൻഡ് ചെയ്യുക എന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും എന്ന് പറഞ്ഞതുകൊണ്ടാണ് ശശിധരന്റെ ആഗ്രഹം അന്ന് നടക്കാതെ പോയത്.
ഈ ശശിധരൻ ആണ് പിണറായി കാലത്തു മലപ്പുറം SP എന്നത് യാദൃച്ഛികമാണോ.