കോയമ്പത്തൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കേസിൽ മുഖ്യപ്രതിയടക്കം നാലു പേർ കൂടി അറസ്റ്റിലായി
തൃശൂർ: തൃശൂർ കൈപ്പമംഗലത്ത് കോയമ്പത്തൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രതികളുടെ മർദനത്തിൽ അരുണിന്റെ ശരീരത്തിൽ 50- ലേറെ പരിക്കുണ്ട്.
തലക്കേറ്റ അടിയാണ് മരണകാരണം. അതേസമയം കേസിൽ മുഖ്യപ്രതിയടക്കം നാലു പേർ കൂടി അറസ്റ്റിലായി. ഇന്നലെ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് തലക്കേറ്റ ക്ഷതമാണ് അരുണിന്റെ മരണം കാരണമെന്ന് കണ്ടെത്തിയത്. കൂടാതെ ദേഹത്ത് അമ്പതിലധികം പരിക്കുകൾ ഉള്ളതിന്റെ പാടുമുണ്ട്. മുഖ്യപ്രതി ഐസ് ഫാക്ടറി ഉടമയായ കണ്ണൂർ സ്വദേശി സാദിഖ്, ഫായിസ്, മുജീബ്, സലീം എന്നിവരാണ് ഇന്ന് പിടിയിലായത്. സാദിഖ് കൊട്ടേഷൻ നൽകിയ സംഘത്തലവനടക്കം മൂന്നുപേർ ഇനിയും പിടിയിലാവാൻ ഉണ്ട്.
നാല് കൈപ്പമംഗലം സ്വദേശികൾ അടക്കം ഇതുവരെ 9 പേരാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം സംഭവിച്ചതാണെന്ന് പറഞ്ഞ് കയ്പ്പമംഗലത്ത് വച്ച് പ്രതികൾ അരുണിനെ ആംബുലൻസിൽ കയറ്റിവിട്ടത്. കണ്ണൂർ സ്വദേശി സാദിഖിൽ നിന്നും ഇറിഡിയം നൽകാമെന്ന് പറഞ്ഞ് തട്ടിയെടുത്ത 10 ലക്ഷം രൂപ തിരികെ പിടിക്കാൻ ആണ് അരുണിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയത്. വട്ടണാത്രയിലെ എസ്റ്റേറ്റിൽ കൊണ്ടുപോയി മർദ്ദിക്കുന്നതിനിടെ അരുൺ മരിച്ചു.
അരുണിനെ കൈപ്പമംഗലം എത്തിച്ച് ആംബുലൻസിൽ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ട സുഹൃത്തായ ശശാങ്കനിൽ നിന്നുമാണ് പൊലീസിന് കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.