അപകീർത്തി പരാമർശം; പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി

ശ്രീജ നെയ്യാറ്റിൻകര എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പരാതി

Update: 2024-10-16 03:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: അപകീർത്തി പരാമർശത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറി. ശ്രീജ നെയ്യാറ്റിൻകര എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പരാതി. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കെ.അനിൽകുമാറിന്‍റെ പരാതി. അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമായ പോസ്റ്റ് എന്ന് പരാതിയിൽ പറയുന്നു. പോസ്റ്റ്‌ നീക്കം ചെയ്യണമെന്നും ശ്രീജയ്‌ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.





ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഔസേപ്പച്ചനോട്‌ ഞാനിന്നലെ ഫോണിൽ സംസാരിച്ചിരുന്നു. ആർ എസ്‌ എസ് എന്ന ഭീകര സംഘടനയെ, വംശഹത്യ പ്രത്യയ ശാസ്ത്രക്കാരെ വിശുദ്ധരായി പ്രഖ്യാപിച്ച മലയാളത്തിന്‍റെ പ്രമുഖ സംഗീത സംവിധായകൻ ഔസേപ്പച്ചനുമായി ഇന്നലെ രാവിലെ ഏറെ നേരം ഞാൻ ഫോണിൽ സംസാരിച്ചിരുന്നു. സംസാരിക്കാനുള്ള തീരുമാനമെടുത്തത് തന്നെ അങ്ങേയറ്റം ദുഃഖവും പ്രതിഷേധവും തോന്നിയത് കൊണ്ടാണ് . അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങളെ സ്നേഹിക്കുന്ന ഒരുവൾ എന്ന നിലയിൽ, വലിയ ആരാധന തോന്നിയിരുന്ന ആ മനുഷ്യനോട് എന്‍റെ പ്രതിഷേധം അറിയിച്ചില്ലെങ്കിൽ അതെന്നോട് തന്നെ ചെയ്യുന്ന നീതികേടെന്ന് തോന്നിയതുകൊണ്ടാണ് അദ്ദേഹത്തെ ഫോണിൽ വിളിച്ചത് . ആർ എസ്‌ എസിനെ പൊതുസമൂഹത്തിന്റെ മുന്നിൽ വിശുദ്ധരായി അവതരിപ്പിച്ചതിന് നിരവധി ന്യായീകരണങ്ങൾ അദ്ദേഹം നടത്തി.

ആർഎസ്‌എസ്‌ പരിപാടിക്ക് ക്ഷണിക്കുമ്പോൾ ഔസേപ്പച്ചൻ അവരുടെ പരിപാടിക്ക് ചെല്ലുന്നത് സന്തോഷമാണെന്ന് അവർ പറഞ്ഞത്രെ ആ സന്തോഷം നൽകാനാണ് താൻ ആ പരിപാടിക്ക് പോയതെന്ന് അദ്ദേഹം എന്നോട് പറയുമ്പോൾ, സർ ആ പരിപാടിക്ക് പോയി അവരെ വിശുദ്ധരായി പ്രഖ്യാപിച്ചതിലൂടെ താങ്കളുടെ നിലപാട് അനേകം മനുഷ്യർക്ക് അഥവാ ആർഎസ്‌എസിന്‍റെ ഇരകൾക്ക് ദുഃഖമുണ്ടാക്കിയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഞാനദ്ദേഹത്തോട് പ്രതിഷേധിച്ചത് ..

അതെന്റെ തെറ്റിദ്ധാരണയാണെന്നും ആർ എസ്‌ എസ്‌ പരിപാടിയിൽ പങ്കെടുത്തതിന് നിരവധി ആശംസകളാണ് സമൂഹത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും തനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും , പ്രതിഷേധമറിയിച്ചത് ആകെ രണ്ട് പേർ മാത്രമാണെന്നും ആ രണ്ട് പേരിൽ ഒരാൾ ഞാനും മറ്റൊരാൾ സംവിധായകൻ (Vijuvarma Varma , Viju Varma ) വിജു വർമ്മയാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു ... തുടർന്നദ്ദേഹം പറഞ്ഞ വാചകങ്ങൾ കേട്ട് സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി ..

വി ഡി സതീശന്റെ സെക്രട്ടറി ഇന്നലെ രാത്രി ഔസേപ്പച്ചന്റെ മരുമകനെ വിളിച്ച് പറഞ്ഞത്രെ തനിക്ക് ഔസേപ്പച്ചൻ സാറിനെ കുറിച്ച് ഇപ്പോഴാണ് അഭിമാനം തോന്നിയതെന്ന് . അതായത് ഔസേപ്പച്ചൻ ആർ എസ്‌ എസ് വേദിയിൽ ചെന്ന് ആർ എസ്‌ എസിനെ വിശുദ്ധരായി പ്രഖ്യാപിച്ചതിൽ കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍റെ സെക്രട്ടറിക്ക് അഭിമാനമാണത്രെ. ഒന്നാലോചിച്ച് നോക്കൂ നമ്മുടെ കേരളം എത്തി നിൽക്കുന്ന ദുരന്ത സാഹചര്യം .

ആർ എസ് എസിനെ വിശുദ്ധരായി പ്രഖ്യാപിക്കുന്നത് കൊണ്ട് ആർ എസ്‌ എസിന് മാത്രമല്ല അഭിമാനമെന്നത് നിസാര കാര്യമാണോ? കേരളത്തിലെ മതേതര സമൂഹം ആർ എസ്‌ എസിന് കല്പിച്ചിരുന്ന അസ്പർശ്യത നിമിഷം പ്രതിയെന്നവണ്ണം ഇല്ലാതാകുകയും ആർ എസ്‌ എസ്‌ നോർമലൈസ് ചെയ്യപ്പെടുകയും ചെയ്യുന്നത് ഒരു ചെറിയ കാര്യമാണോ ? ആർ എസ്‌ എസ്‌ പണ്ടെന്തൊക്കെ ചെയ്താലും ഇപ്പോൾ അവർ നല്ല കൂട്ടരാണെന്ന് തന്നോട് ക്രിസ്ത്യൻ സമൂഹം പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ കൂടെയാണ് താൻ ആർ എസ്‌ എസ്‌ വേദിയിൽ ചെന്നതെന്ന് പറയുന്ന ഔസേപ്പച്ചനോട്‌ പറയാനുള്ളതൊക്കെ പറഞ്ഞ് ഞാൻ ഫോൺ വയ്ക്കുമ്പോൾ ഒന്നേ എന്റെ മനസിൽ തോന്നിയുള്ളൂ ... ഔസേപ്പച്ചാ താങ്കൾ മരിച്ചാൽ പോലും എനിക്കിത്ര ദുഃഖം തോന്നില്ലായിരുന്നില്ലല്ലോ എന്ന് മാത്രം ...

ആർ എസ്‌ എസ്‌ കൂടാരത്തിലേക്ക് ചെന്ന് കയറി ആ മനുഷ്യ ദ്രോഹ പ്രത്യയ ശാസ്ത്രക്കാർക്ക് വിശുദ്ധ പട്ടം ചാർത്തി കൊടുക്കുന്നവരും ആ വിശുദ്ധ പട്ടം കണ്ട് അഭിമാനിക്കുന്ന മതേതര കുപ്പായമിട്ട സാമദ്രോഹികളും ഒന്നോർത്തോ പിഴയ്ക്കാത്തതായി ഒന്നേയുള്ളൂ ഈ ഭൂമിയിൽ അത് കാലം മാത്രമാണ് ... ഔസേപ്പച്ചനോട്‌, താങ്കളെന്നല്ല ഈ ലോകം മുഴുവനും ആർ എസ്‌ എസിനെ വിശുദ്ധരെന്ന് വിളിച്ചാലും അതിലേക്ക് കാർക്കിച്ച് തുപ്പാൻ ഒരു കൂട്ടം മനുഷ്യർ എക്കാലവും ഈ മതേതര രാജ്യത്ത് അവശേഷിക്കും. അവരെ കാലം നീതിവാദികൾ എന്നും മനുഷ്യ സ്നേഹികൾ എന്നും അടയാളപ്പെടുത്തും. വെറുപ്പിന്റെ പ്രത്യയശാസ്ത്രക്കാർക്കൊരിക്കലും അവരെ കൊണ്ട് തങ്ങൾക്കനുകൂലമായി വിശുദ്ധ മുദ്രാവാക്യം വിളിപ്പിക്കാൻ കഴിയില്ല . കാരണം അതിനേക്കാൾ ഭേദമാണ് ആത്മഹത്യ എന്ന് കരുതുന്ന ഉറച്ച രാഷ്ട്രീയ ബോധമുള്ള മനുഷ്യരാണവർ ..

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News