ചിന്നക്കനാൽ വില്ലേജിലെ സ്ഥലം റിസർവ് വനമായി പ്രഖ്യാപിക്കാനുള്ള നടപടി വിവാദമാകുന്നു
നവകേരള സദസിന് മുമ്പായി വിജ്ഞാപനം പിൻവലിക്കാൻ സി.പി.എം ജില്ലാ നേതൃത്വവും സർക്കാരിൽ സമ്മർദം ചെലുത്തുന്നുണ്ട്
ഇടുക്കി: ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമായി പ്രഖ്യാപിക്കാനുള്ള നടപടി വിവാദമാകുന്നു. വനം വകുപ്പിന്റെ ആസൂത്രിത നീക്കം അംഗീകരിക്കാനാകില്ലെന്നാണ് ഭരണ പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. വിമർശനമുയർന്നതോടെ നവകേരള യാത്ര ജില്ലയിൽ പ്രവേശിക്കുന്നതിന് മുമ്പായി വിജ്ഞാപനം പിൻവലിക്കാൻ സി.പി.എമ്മും ശ്രമം തുടങ്ങിയിരിക്കുകയാണ്.
എച്ച്.എൻ.എല്ലിന്റെ കൈവശമിരുന്നതും ചിന്നക്കനാൽ വില്ലേജിലെ ഏഴ്, എട്ട് ബ്ലോക്കുകളിൽ ഉൾപ്പെടുന്നതുമായ സ്ഥലമാണ് റിസർവ് വനമായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയത്. പട്ടയം ലഭിച്ചതും ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം സർക്കാർ അനുവദിച്ച് നൽകിയ ഭൂമിയും സംരക്ഷിത വനമേഖലയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുടിയേറ്റ കർഷകർക്ക് സർക്കാർ നീക്കം തിരിച്ചടിയായതോടെ പ്രതിഷേധവും ശക്തമായി. സർക്കാരിന്‍റേത് ഇരട്ടത്താപ്പ് നയമെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
നവകേരള സദസിന് മുമ്പായി വിജ്ഞാപനം പിൻവലിക്കാൻ സി.പി.എം ജില്ലാ നേതൃത്വവും സർക്കാരിൽ സമ്മർദം ചെലുത്തുന്നുണ്ട്. എച്ച്.എൻ.എല്ലുമായുള്ള പാട്ടക്കാലാവധി കഴിഞ്ഞതോടെയാണ് സ്ഥലം വനം വകുപ്പ് ഏറ്റെടുത്തത്. സെറ്റിൽമെന്റ് ഓഫീസറായ ദേവികുളം ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ പ്രത്യേക ഹിയറിംഗ് നടത്തിയതിന് ശേഷം വിവിധ ഘട്ടങ്ങളായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തിമ വിജ്ഞാപനമിറക്കാനാണ് വനം വകുപ്പിന്റെ നീക്കം.