പെട്ടിയിൽ വോട്ട് വീഴ്ത്താന്‍ സാധിച്ചില്ല: ചെന്നിത്തല ഔട്ട്

തലമുറമാറ്റമെന്ന വികാരത്തിന് ചെവിക്കൊടുക്കാതിരിക്കാന്‍ ഹൈക്കമാന്റിന് കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നു.

Update: 2021-05-22 08:22 GMT
Editor : Suhail
Advertising

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ച രമേശ് ചെന്നിത്തലക്ക് തിരിച്ചടിയായത് പുതിയ മുഖം വേണമെന്ന ഹൈക്കമാൻഡ് വിലയിരുത്തലാണ്. സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി കൊണ്ടു വരാന്‍ രമേശ് ചെന്നിത്തലയ്ക്ക് ആയെങ്കിലും അത് വോട്ടാക്കി മാറ്റാൻ കഴിയാതിരുന്നത് തിരിച്ചടിയായി.

പൂര്‍ണമായും പരാജയപ്പെട്ട പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കാണുന്നില്ല. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്താനും സര്‍ക്കാരിനെ തിരുത്തിക്കാനുമായെന്നാണ് വിലയിരുത്തല്‍. ബ്രുവറി, ഡിസ്ലറികള്‍ അനുവദിക്കാനുള്ള നീക്കം, പമ്പയിലെ മണല്‍ കൊള്ള, സ്പ്രിങ്കളര്‍, ആഴക്കടല്‍ കരാറുകള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉയര്‍ത്തുകയും സര്‍ക്കാരിന് പിന്‍വാങ്ങേണ്ടിയും വന്നുവെന്നതാണ് വാസ്തവം. പക്ഷേ സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ മറികടന്ന് യു.ഡി.എഫിനെ വിജയത്തിലെത്തിക്കാനുമായില്ല. ഇത് ചെന്നിത്തലയ്ക്ക് തിരിച്ചടിയായി.

പ്രതിപക്ഷ ആരോപണം വോട്ടര്‍മാര്‍ മുഖവിലയ്ക്കെടുക്കാത്തതിനാല്‍ നേതൃത്വത്തില്‍ മുഖം മാറാതെ വഴിയില്ലെന്ന് ഹൈക്കമാന്‍റ് വിലയിരുത്തി.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരച്ചടിക്ക് ശേഷവും മുതിര്‍ന്ന നേതാക്കളെ വിശ്വസിച്ചാണ് തിരുത്തലിന് മുതിരാതിരുന്നത്. അത് തെറ്റായ തീരുമാനമാണെന്നും ഹൈക്കമാന്‍റ് ഇപ്പോള്‍ തിരിച്ചറിയിരുന്നു. ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിശോധിച്ചാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ രമേശ് നേതൃത്വം നല്‍കുന്ന ഐ വിഭാഗത്തിനാണ് മുന്‍തൂക്കം. പക്ഷേ അവിടെയും നേതൃത്വം മാറ്റമെന്ന വികാരം അലയടിച്ചതും രമേശിന് പദവി നഷ്ടമാകുന്നതിന് കാരണമായി മാറി.

ഒരവസരം കൂടി വേണമെന്ന ആവശ്യം ആരും ചെവിക്കൊണ്ടില്ല. സതീശനെ വെട്ടാനായി എ വിഭാഗത്തിലെ തലമുതിര്‍ന്നവരുടെ പിന്തുണ നേടിയെടുത്തെങ്കിലും അവിടേയും എതിര്‍പ്പ് ഉയര്‍ന്നു. എം.പിമാരുടേയും പിന്തുണ വി.ഡി സതീശനായതോടെ ചെന്നിത്തലയുടെ നീക്കങ്ങള്‍ പാളി. ഇതോടെ തലമുറമാറ്റമെന്ന വികാരത്തിന് ചെവിക്കൊടുക്കാതിരിക്കാന്‍ ഹൈക്കമാന്റിന് കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഇതോടെയാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് ചെന്നിത്തല പടിയിറങ്ങുന്നതിലേക്ക് നയിച്ചത്

Tags:    

Editor - Suhail

contributor

Similar News