കെ.എസ്.ആർ.ടി.സിയിൽ ഏപ്രിൽ മാസത്തെ ശമ്പളവും വൈകും
ഈ മാസം അഞ്ചാം തിയതി ശമ്പളം ലഭിച്ചില്ലെങ്കിൽ അതേ ദിവസം അർധരാത്രി മുതൽ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഏപ്രിൽ മാസത്തെ ശമ്പളവും വൈകും. സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമേ അനുവദിച്ചിട്ടുള്ളു. ഈ മാസം അഞ്ചാം തിയതി ശമ്പളം ലഭിച്ചില്ലെങ്കിൽ അതേ ദിവസം അർധരാത്രി മുതൽ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസത്തെക്കാൾ കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷമാണ്. വായ്പാ തിരിച്ചടവിനും മറ്റു ആവശ്യങ്ങൾക്കും വരുമാനത്തെയാണ് ആശ്രയിക്കുന്നതിനാൽ ശമ്പളം നൽകാൻ ബാക്കി കാണില്ല. ബാങ്ക് ഓവർ ഡ്രാഫ്റ്റ് 45 കോടിയെടുത്ത് കഴിഞ്ഞ പ്രാവിശ്യം ശമ്പളം നൽകിയതിനാൽ ആ വഴിയും അടഞ്ഞു. ഏപ്രിലിലെ ശമ്പളത്തിനായി ആവശ്യപ്പെട്ട തുക മുഴുവൻ അനുവദിക്കാൻ ധനവകുപ്പിനോട് വീണ്ടും അഭ്യർത്ഥിച്ചിട്ടുണ്ട്. 82 കോടിയാണ് ശമ്പളത്തിന് വേണ്ടത്. സഹകരണ സൊസൈറ്റി വഴി വായ്പ തരപ്പെടുത്താനുള്ള ആലോചനയുണ്ടെങ്കിലും അതിനും കാലതാമസമെടുക്കും. പ്രതിപക്ഷ യൂണിയനുകൾ സ്വിഫ്റ്റിനെയാണ് പഴിക്കുന്നത്.
കെ.എസ്.ആർ.ടി.സിയുടെ പ്ലാൻ ഫണ്ടിൽ നിന്ന് ബസ് വാങ്ങി. ഡീസലും കോർപറേഷൻ വക. എന്നിട്ടും ഒരു എസി സ്വിഫ്റ്റ് ബസ് ഒരു കിലോമീറ്റർ ഓടുന്നതിന് 26 രൂപയും നോൺ എസിക്ക് 20 രൂപയും കെ.എസ്.ആർ.ടി.സി അങ്ങോട്ട് വാടകയായി നൽകണം. ഇത് നോക്കുകൂലിയാണെന്നും ഏത് കരാർ പ്രകാരമാണ് ഇങ്ങനെയൊരു വ്യവസ്ഥയെന്നത് വ്യക്തമാക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു.