സ്റ്റോപ്പിൽ നിർത്താത്ത ബസ് തടഞ്ഞ വിദ്യാർഥിനികളുടെ ദൃശ്യം; വർഗീയ പ്രചാരണം നടത്തി സംഘ്പരിവാർ
വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ.ജെ.എസ് അഖിൽ ഡി.ജി.പിക്ക് പരാതി നൽകി
കാസർകോട്: സ്റ്റോപ്പിൽ നിർത്താത്ത ബസ്സ് തടഞ്ഞ വിദ്യാർഥിനികളുടെ ദൃശ്യം വർഗീയ പ്രചാരണത്തിന് ഉപയോഗിച്ച് സംഘപരിവാർ അനുകൂല സാമൂഹ്യ മാധ്യമങ്ങൾ. കാസർകോട് കുമ്പളയിലെ സ്വാശ്രയ കോളേജിലെ വിദ്യാർഥിനികളാണ് ബസ് തടഞ്ഞത്. ഇതിനിടെ യാത്രക്കാരിയുമായുണ്ടായ തർക്കത്തെയാണ് വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ.ജെ.എസ് അഖിൽ ഡി.ജി.പിക്ക് പരാതി നൽകി.
കാസർകോട് കുമ്പളയിലെ വനിത സ്വശ്രയ കോളേജിന് മുമ്പിലുള്ള സറ്റോപ്പിൽ സ്ഥിരമായി നിർത്താത്ത സ്വകാര്യ ബസ്സിനെ കോളേജിലെ വിദ്യാർഥിനികൾ റോഡിൽ തടയുകയായിരുന്നു. ഇതിന് ശേഷം ബസ്സിൽ കയറിയ വിദ്യാർഥികളോട് ബസ്സിലുണ്ടായിരുന്ന ഒരു യാത്രക്കാരി ക്ഷോഭിക്കുകയും ബസ്സ് നിർത്താതെ പോവുന്നതിലുള്ള പ്രയാസം വിദ്യാർഥികൾ യാത്രക്കാരിയോട് വിശദീകരിക്കുകയും ചെയ്തു.
ഇതിനിടയിൽ മറ്റാരോ ചീത്ത വിളിച്ചത് വിദ്യാർഥികളെ ക്ഷുഭിതരാക്കി. ഈ ദൃശ്യങ്ങളാണ് സംഘപരിവാർ സ്യാമൂഹ്യ മാധ്യമങ്ങൾ വഴി ഉത്തരേന്ത്യയിൽ വ്യാപകമായി വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. പർദ്ദ ഇടാതെ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ബസ്സിൽ നിന്ന് ഇറക്കി വിട്ടു എന്നാണ് വ്യാജ പ്രചരണം.