ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്: ശിശുദിനത്തിൽ പ്രതിക്ക് ശിക്ഷ വിധിക്കും
താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അസഫാക് ആലം
കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ശിശുദിനമായ നവംബർ 14 ന് എറണാകുളം പോക്‌സോ കോടതി ശിക്ഷ വിധിക്കും. പ്രതി അസഫാക് ആലമിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ജീവിതകാലം മുഴുവൻ അസഫാക് ആലമിനെ ജയിലിലിട്ടാലും പരിവർത്തനം ഉണ്ടാകില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിയുടെ ചെറിയ പ്രായം മാനസാന്തരത്തിനുള്ള സാധ്യതയാണ് കണക്കാക്കണമെന്ന് പ്രതിഭാഗം വാദിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അസഫാക് ആലം കോടതിയിൽ പറഞ്ഞു. മോഹൻ രാജാണ് കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ.
കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെ പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്നാണ് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ജൂലൈ 28നാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൊലപാതകം നടന്നത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിയെ ശീതളപാനീയം വാങ്ങിനൽകാമെന്ന വാഗ്ദാനം നൽകിയാണ് പ്രതി അസ്ഫാഖ് ആലം കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ആലുവ മാർക്കറ്റിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് 34-ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.പെണ്‍കുട്ടിയുടെ വസ്ത്രവും ചെരിപ്പും ഉൾപ്പെടെ 10 തൊണ്ടിമുതലുകളും സി.സി.ടി.വി ദൃശ്യങ്ങളുമാണ് തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. തുടർച്ചയായി 26 ദിവസം നീണ്ടുനിന്ന വിചാരണയാണ് കേസില്‍ നടന്നത്. ആകെ 99 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്.