‘അവരില്ലാതെ ഞങ്ങളെങ്ങനെ തിരിച്ചു പോകും’; മുണ്ടക്കൈയിൽ ചേച്ചിയെയും കുടുംബത്തെയും കണ്ടെത്താനുള്ള ഓട്ടത്തിലാണ് അനുജത്തി
‘ഇരട്ടകുട്ടികളടങ്ങുന്ന കുടുംബം ജീവനോടെ ഉണ്ടോ, എവിടെയാണുള്ളതൊന്നും ഞങ്ങൾക്ക് അറിയാൻ പറ്റുന്നില്ല’
മുണ്ടക്കൈ: ഉരുൾപൊട്ടിയ പുഞ്ചിരിമട്ടത്ത് താമസിച്ചിരുന്ന ചേച്ചിയെയും കുടുംബത്തെയും മൂന്ന് ദിവസമായി മുണ്ടക്കൈയിൽ അന്വേഷിക്കുകയാണ് സഹോദരി. മഴയും കോടയും വകവെക്കാതെ ആശുപത്രികളും, മോർച്ചറികളും, ക്യാമ്പുകളും കയറിയിറങ്ങുകയാണ് ഒപ്പമുള്ള സ്ത്രീകളും. സഹോദരി സൗമ്യ, സഹോദരി ഭർത്താവ് ഗോപാലൻ, ഇരട്ടകുട്ടികളായ വർഷ, വൈഷ്ണവ് എന്നിവരെയാണ് സഹോദരിയും ബന്ധുക്കളും പ്രതീക്ഷയോടെ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ദുരന്തമറിഞ്ഞ് ദേവാലയിൽ നിന്ന് ബന്ധുക്കളെയും കൂട്ടി ഓടിവന്നതാണ് അവർ.
‘ഞങ്ങൾ വന്നിട്ട് മൂന്ന് ദിവസമായി,കുടുംബത്തിലെ നാല് പേരെ കാണാനില്ല. സൗമ്യ, ഗോപാലൻ, വർഷ, വൈഷ്ണവ് എന്നിവരെയാണ് കാണാനില്ലാത്തത്. അവരില്ലാതെ ഞങ്ങളെങ്ങനെയാണ് ഇവിടുന്ന് തിരിച്ചു പോവുക. അവരുണ്ടോ, ഇല്ലയോ എന്ന് അറിയണം.
മോർച്ചറിയടക്കം എല്ലാ സ്ഥലങ്ങളിലും തിരയുകയാണ്. ഒന്നും കണ്ടെത്താനായില്ല. എവിടെയാണ്, എന്താണ് എന്നൊന്നും ഞങ്ങൾക്ക് അറിയാൻ പറ്റുന്നില്ല. അവരില്ലാതെ ഞങ്ങളെങ്ങനെ തിരിച്ചു പോകും. അവർക്ക് ചെയ്യാനുള്ളതെങ്കിലും ഞങ്ങൾക്ക് ചെയ്യണ്ടേ. അവർ ജീവനോടെ ഉണ്ടോ, എവിടെയാണുള്ളത് ഒന്നും ഞങ്ങൾക്ക് അറിയാൻ പറ്റുന്നില്ല.
ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുടുംബത്തിലെ മൂന്ന് പേർമരിച്ചു. ബാക്കിയുള്ളവർ ജീവനോടെയുണ്ട്. ഇവരുടെ ഒരു വിവരവും ഇല്ല.ഇന്നലെ പലമൃതദേഹങ്ങളും പോയിപരിശോധിച്ചു. അതിലൊന്നും കണ്ടില്ല. പലതും തിരിച്ചറിയാൻ പറ്റാത്ത സാഹചര്യത്തിലാണുള്ളത്.’ സഹോദരി മീഡിയവണിനോട് പറഞ്ഞു. ഇന്നും ചേച്ചിയെയും കുടുംബത്തെയും അന്വേഷിച്ചിറങ്ങാനുള്ള ഒരുക്കത്തിലാണിവർ.