തിയറ്ററുകള്‍ 'ഓണ്‍' ആകുന്നു; ജയിംസ് ബോണ്ട് ചിത്രം ആദ്യ റിലീസ്, മലയാള സിനിമ വൈകും
മലയാള സിനിമകളുടെ റിലീസിങ് അനിശ്ചിതത്വം ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ ഇന്ന് യോഗം ചേരും
സംസ്ഥാനത്തെ തിയറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം ആരംഭിക്കും. ജയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈയാണ് ആദ്യ റിലീസ്. ഇംഗ്ലീഷ് ചിത്രം വെനം 2 വും ഇന്ന് പ്രദര്‍ശനത്തിനെത്തും. ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് തിയറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനം. ജീവനക്കാരും സിനിമ കാണാനെത്തുന്നവരും രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കണം.
വെള്ളിയാഴ്ച മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും റിലീസുകള്‍ വൈകാനാണ് സാധ്യത. സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന മുറക്ക് മാത്രം റിലീസിങ് മതിയെന്നാണ് ഭൂരിഭാഗം നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും അഭിപ്രായം. ഇന്ന് ചേരുന്ന ഫിലിം ചേംബര്‍ യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യും.
മലയാള സിനിമ റിലീസിങ് സംബന്ധിച്ച് തിയറ്ററുടമകളുടെ പ്രഖ്യാപനത്തിനെതിരെ നിർമാതാക്കളും വിതരണക്കാരും രംഗത്തെത്തിയിരുന്നു. മലയാള സിനിമ റിലീസിങ് വൈകിയാലും രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക് കൂടുതല്‍ പ്രേക്ഷകരെ എത്തിക്കുമെന്നാണ് തിയറ്ററുടമകളുടെ പ്രതീക്ഷ.