ക്ഷേത്ര ഭണ്ഡാരത്തില്‍ കാണിക്ക സമര്‍പ്പിച്ച് ഭഗവാനെ തൊഴുത് മോഷണം; ഭണ്ഡാരം കുത്തിപ്പൊളിച്ച് കള്ളൻ മുങ്ങി
കോഴിക്കോട് നന്മണ്ട തളി ശിവക്ഷേത്രത്തിലാണ് മോഷണം നടന്നത്
കോഴിക്കോട്: ക്ഷേത്ര ഭണ്ഡാരത്തില്‍ കാണിക്ക സമര്‍പ്പിച്ചതിന് ശേഷം മോഷണം നടത്തി കള്ളന്‍. കോഴിക്കോട് നന്മണ്ട തളി ശിവക്ഷേത്രത്തിലാണ് കാണിക്ക സമര്‍പ്പിച്ച് ഭഗവാനെ തൊഴുതതിന് ശേഷം മോഷ്ടാവ് ഭണ്ഡാരം തുറന്ന് പണം അപഹരിച്ചത്.
രാത്രി രണ്ടു മണിയോടെയാണ് മോഷണം നടന്നത്. കാക്കി വസ്ത്രധാരിയായ മോഷ്ടാവ് ഓട്ടോറിക്ഷയിലാണ് എത്തിയത്. മുഖം മറച്ച് തലയിൽ തുണികൊണ്ട് കെട്ടിയ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. ശിവക്ഷേത്രത്തിലെ പ്രവേശന കവാടത്തിലുള്ള ഭണ്ഡാരം നിരീക്ഷിച്ചതിനു ശേഷം ആനക്കൊട്ടിലുള്ള ഭണ്ഡാരത്തിൽ നാണയം ഇട്ട ഇതിന് ശേഷം ഉപയോഗിക്കാത്ത തുരുമ്പെടുത്ത ഭണ്ഡാരത്തിലും കാണിക്ക ഇട്ടു. മൂന്നു ഭണ്ഡാരത്തിലും നാണയം നിക്ഷേപിച്ച ശേഷമാണ് അയ്യപ്പ മഠത്തിലെ ഭണ്ഡാരം തുറന്നത്.
ക്ഷേത്രത്തിനടുത്തുള്ള കടക്ക് മുൻപിൽ നിര്‍ത്തിയിട്ട ഓട്ടോ ഒരുമാസം മുന്‍പ് മോഷണം പോയിരുന്നു. പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം കൂടിവരികയാണെന്നും പൊലീസ് ശക്തമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.