രണ്ടാം നിലയിൽ തെറാപ്പി സെന്റർ; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
തെറാപ്പി സെന്റർ രണ്ടാം നിലയിലായതോടെ ചലനശേഷിയില്ലാതെ കുട്ടിയുടെ ഫിസിയോ തെറാപ്പി മുടങ്ങിയിരുന്നു
കോഴിക്കോട്: ചേളന്നൂർ ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രത്തിലെ രണ്ടാം നിലയിൽ തെറാപ്പി സെന്റർ സ്ഥാപിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസയച്ചു. തെറാപ്പി സെന്റർ രണ്ടാം നിലയിലായതോടെ ചലനശേഷിയില്ലാതെ കുട്ടിയുടെ ഫിസിയോ തെറാപ്പി മുടങ്ങിയിരുന്നു. മീഡിയവൺ വാർത്തയെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടൽ.
തെറാപ്പി സെന്ററിലേക്ക് പ്രവേശിക്കാൻ പടിക്കെട്ടുകൾ കയറേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അറുന്നൂറോളം കുട്ടികൾ ആശ്രയിക്കുന്ന തെറാപ്പി സെന്ററാണിത്. നടക്കാൻ കഴിയാത്ത കുട്ടികൾക്ക് മുകളിലേക്ക് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. സെറിബ്രൽ പാൾസി ബാധിച്ച് 75 ശതമാനം ചലനശേഷി നഷ്ടപ്പെട്ട സൂര്യദേവ് എന്ന കുട്ടിയുടെ തെറാപ്പി മുടങ്ങിയ നിലയിലായിരുന്നു. ഇത് ഉൾപ്പെടെ പലർക്കും രണ്ടാം നിലയിൽ തെറാപ്പി സെന്റർ പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
സ്ഥലപരിമിതി മൂലമാണ് രണ്ടാം നിലയിൽ തെറാപ്പി സെന്റർ സ്ഥാപിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.