നീതിയില്ല; ഹര്‍ഷിനയുടെ രണ്ടാം ഘട്ട സമരം ഒരുമാസം പിന്നിടുന്നു

2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പ്രസവശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഹര്‍ഷിനയ്ക്ക് വയറ്റില്‍ കടുത്ത വേദന തുടങ്ങിയത്

Update: 2023-06-18 01:31 GMT
Advertising

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ നീതി തേടി കോഴിക്കോട് സ്വദേശി ഹർഷിന നടത്തുന്ന രണ്ടാംഘട്ട സമരം ഒരു മാസത്തിലേക്ക് കടക്കുന്നു. ആദ്യഘട്ട സമരത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. പക്ഷേ തൻറെ വേദനകൾക്കും സാമ്പത്തിക നഷ്ടങ്ങൾക്കും ഇത് പകരമാകില്ലെന്ന് ഹർഷിന പറയുന്നു.



കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നൽകും വരെ മെഡിക്കൽ കോളേജിന് മുന്നിൽ സമരം തുടരാനാണ് തീരുമാനം. 2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പ്രസവശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഹര്‍ഷിനയ്ക്ക് വയറ്റില്‍ കടുത്ത വേദന തുടങ്ങിയത്. വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുത്തത് പിന്നെയും അഞ്ച് വര്‍ഷം കഴിഞ്ഞ്. കുറ്റക്കാരെ കണ്ടെത്താനോ അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഹര്‍ഷിന വീണ്ടും സമരത്തിനിറങ്ങിയത്.

2017 നവംബര്‍ 30 നാണ് ഹര്‍ഷിന തന്റെ മൂന്നാമത്തെ കുഞ്ഞിന് കോഴിക്കോട് മെഡിക്കല്‍ കോളജ്‌ ആശുപത്രിയിൽ ജന്മം നല്‍കിയത്. അവിടുന്നങ്ങോട്ട് കടുത്ത വേദനയുടെ നാളുകള്‍. ആശുപത്രികളില്‍ മാറിമാറി ചികിത്സിച്ചെങ്കിലും കാരണം കണ്ടെത്തിയില്ല. ഒടുവില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2022 സെപ്തംബര്‍ 13 ന് ഹർഷിനയുടെ വയറ്റില്‍ ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്തി.



2022 സെപ്തംര്‍ 17ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചുള്ള ശസ്ത്രക്രിയയില്‍ ഹര്‍ഷിനയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് ആര്‍ട്ടെറി ഫോര്‍സെപ്സ് എന്ന ശസ്ത്രക്രിയാ ഉപകരണം. 12 സെന്റീമീറ്റര്‍ നീളവും ആറ് സെന്റീമീറ്റര്‍ വീതിയുമുള്ള കത്രിക. പുറത്തെടുത്ത കത്രികയുടെ ദൃശ്യങ്ങൾ പകര്‍ത്തിയതിന് ഹര്‍ഷിനയുടെ കുടുംബത്തിനെതിരെ മെഡിക്കൽ കോളേജ് അധികൃതർ പൊലീസില്‍ പരാതി നൽകി. സംഭവം വിവാദമായപ്പോള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഹര്‍ഷിനയെ ഫോണില്‍ വിളിച്ചു. കൂടെുയുണ്ടെന്നും ഒരുമാസത്തിനുള്ളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രിയുടെ ഉറപ്പ്.

2022 ഒക്ടോബര്‍ ആറിന് ആരോഗ്യവകുപ്പ് ആദ്യ വിദഗ്ധ സമിതിയെ നിയോഗിക്കുന്നു.. ഡിസംബറില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മറ്റൊരു വിദഗ്ധ സമതിക്ക് ആരോഗ്യ വകുപ്പ് രൂപംനല്‍കി. ശാസ്ത്രീയ പരിശോധനകള്‍ക്ക് മറ്റൊരു സംഘവും. 2012ലും 2016ലും ഹർഷിനയുടെ ആദ്യരണ്ടു പ്രസവശസ്ത്രക്രിയ നടന്നത് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആയിരുന്നു. കത്രിക കുടുങ്ങിയത് എവിടെ വെച്ചെന്നോ കുറ്റക്കാർ ആരാണെന്നോ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. വിദഗ്ധ സമിതി അന്വേഷണങ്ങള്‍ പ്രഹസനമായതോടെ ഹര്‍ഷിന പ്രത്യക്ഷ സമരത്തിലേക്ക്. 2023 ഫെബ്രുവരി 27 മുതല്‍ മെഡിക്കല്‍ കോളജിന് മുന്നില്‍ നിരാഹര സമരം. സമരം തുടര്‍ന്ന ഹര്‍ഷിനയെ മാര്‍ച്ച് നാലിന് ആരോഗ്യമന്ത്രി സമരപ്പന്തലിലെത്തി നേരില്‍കണ്ടു. ചിലഉറപ്പുകളും നല്‍കി. മന്ത്രി നല്‍കിയ ഉറപ്പില്‍ വിശ്വാസമര്‍പ്പിച്ച് ഹര്‍ഷിന സമരം അവസാനിപ്പിച്ചു.



മെഡിക്കല്‍ കോളജ് എസി.പി കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണവും ഇതിനിടയില്‍ തുടങ്ങിയിരുന്നു..നീതികിട്ടുമെന്ന പ്രതീക്ഷയില്‍ രണ്ടര മാസത്തിലേറെ കാത്തിപ്പ്. ഒടുവിൽ ഹര്‍ഷിന വീണ്ടും തെരുവിലേക്ക്. മെയ് 22 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ ഹർഷിന സത്യഗ്രഹ സമരത്തിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് നടത്തിയ പ്രസവശസ്ത്രക്രിയയില്‍ തന്നെയാണ് തന്റെ വയറ്റില്‍ കത്രിക കുടുങ്ങിയത് എന്ന് ഹര്‍ഷിന ഉറപ്പിച്ചുപറയുന്നു. കുറ്റക്കാരെ കണ്ടെത്തം. ശിക്ഷിക്കണം. അര്‍ഹമായ നഷ്ടപരിഹാരം കിട്ടണം. നീതി കിട്ടുംവരെ പോരാട്ടം തുടരാനാണ് ഹര്‍ഷിനയുടെ തീരുമാനം. 

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News