മുസ്തഫ മൗലവിയുടെ ഖുർആൻ പരിഭാഷയിൽ അനേകം പിഴവുകൾ, കുപ്രചരണങ്ങളിൽ വഞ്ചിതരാകരുത്: മുനവ്വറലി തങ്ങൾ

‘താൻ നൽകിയ ആശംസ അദ്ദേഹത്തിന്റെ തെറ്റായ ആശയ പ്രചാരണങ്ങൾക്കുള്ള ഉപാധിയായി ഉപയോഗിക്കുന്നത് ഖേദകരം’

Update: 2024-12-02 14:21 GMT
Advertising

കോഴിക്കോട്: മുസ്തഫ മൗലവിയുടെ ഖുർആൻ പരിഭാഷയിൽ അനേകം പിഴവുകളുണ്ടെന്നും കുപ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. താൻ നൽകിയ ആശംസ അദ്ദേഹത്തിന്റെ തെറ്റായ ആശയ പ്രചാരണങ്ങൾക്കുള്ള ഉപാധിയായി ഉപയോഗിക്കുന്നത് ഖേദകരമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണരൂപം:

മുസ്തഫ മൗലവിയുടെ ഖുർആൻ പരിഭാഷക്ക് ആശംസ നേർന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. എന്നാൽ ഇപ്പോഴും അത്തരം വിഷയം അസ്ഥാനത്ത് കൊണ്ടുവന്ന് അനാവശ്യമായ വിവാദം സൃഷ്ടിക്കുന്നത് ശരിയല്ല.

ഞാൻ അതിലേക്ക് മുൻപ് ഒരു ആശംസാ കുറിപ്പ് നൽകിയിരുന്നെങ്കിലും, അതിന്റെ ഉള്ളടക്കം മുഴുവൻ വായിച്ചോ പരിശോധിച്ചോ അല്ല അത് നൽകിയത്. സാധാരണഗതിയിൽ ആശംസാ കുറിപ്പുകൾ ആവശ്യപ്പെട്ട് കൊണ്ട് പലരും സമീപിക്കാറുണ്ട് . അപ്രകാരം സദുദ്ദേശപരമായ ഒരു ആവശ്യമായിരിക്കുമെന്ന് കരുതിയാണ്‌ ആശംസ നേർന്നത്. ആ കുറിപ്പ് പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വിശകലനവുമല്ല. പിന്നീടാണ് ഗ്രന്ഥാകാരന്റെ വാദങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും എന്റെ ശ്രദ്ധയിൽപ്പെടുന്നത്.

നാൾക്ക് നാൾ അത് മറ്റൊരു ദിശയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നത് ഖേദത്തോടെ എല്ലാവരെയും പോലെ ഞാനും നോക്കിക്കാണുന്നു. വളരെ സൗഹാർദ്ദപരമായ രീതിയിൽ, ഒരു ഖുർആൻ പരിഭാഷയ്ക്ക് വേണ്ടി ഒരംശംസ ആവശ്യപ്പെട്ടപ്പോൾ നൽകിയ ഒരു കുറിപ്പ് മാത്രമാണത്. പുസ്തകത്തിൽ അഹ്ലു സുന്നയുടെ ആശയാദർശങ്ങൾക്ക് നിരക്കാത്ത കാര്യങ്ങൾ അതിനകത്ത് ഉള്ളത് കൊണ്ട് തന്നെ അതിനെ ശക്തമായി എതിർക്കുന്നു. എൻ്റെ കുറിപ്പ് കാണിച്ചു ചിലർ നടത്തുന്ന കുപ്രചരണങ്ങളിൽ ആരും വഞ്ചിതരാകരുത്. ഈ ആശംസ ഇപ്പോഴുള്ള അദ്ദേഹത്തിന്റെ തെറ്റായ ആശയ പ്രചാരണങ്ങൾക്കുള്ള ഉപാധിയായി ഉപയോഗിക്കുന്നത് ഖേദകരമാണ്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News