അനധികൃത വഴിയോര കച്ചവടത്തിൽ നടപടി കടുപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷൻ
കോടതി ഉത്തരവ് ലംഘിച്ച് കച്ചവടം നടത്തിയിരുന്ന പൂജപ്പുരയിലെ അൻപതോളം കടകൾ ഒഴിപ്പിച്ചു
Update: 2023-04-28 08:35 GMT
തിരുവനന്തപുരം: അനധികൃത വഴിയോര കച്ചവടക്കാർക്കെതിരെ നടപടി കടുപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷൻ . കോടതി ഉത്തരവ് ലംഘിച്ച് കച്ചവടം നടത്തിയിരുന്ന പൂജപ്പുരയിലെ അൻപതോളം കടകൾ ഒഴിപ്പിച്ചു. ഒഴിപ്പിക്കലിനെതിരെ കച്ചവടക്കാർ സംഘടിച്ചതോടെ സ്ഥലത്ത് നേരിയ സംഘർഷമുണ്ടായി.
പലവട്ടം നോട്ടീസ് നൽകിയിട്ടും സ്വയം ഒഴിഞ്ഞുപോകാൻ തയ്യാറാകാത്ത കച്ചവടക്കാർക്കെതിരെയാണ് കോർപ്പറേഷൻ നടപടി. പൂജപ്പുര-കരമന റോഡിലെ വഴിയോര കച്ചവടങ്ങളാണ് ഒഴിപ്പിച്ചത്. പ്രദേശത്ത് ഗതാഗത കുരുക്കും അപകടങ്ങളും കൂടിയതോടെ നിരവധി പരാതികൾ ലഭിച്ചതായി ഹെൽത്ത് സ്ക്വാഡ് പറഞ്ഞു.
ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധമുണ്ടായി. ഏകപക്ഷീയമായാണ് ഒഴിപ്പിക്കൽ എന്നാരോപിച്ചാണ് പ്രതിഷേധം. പൊലീസ് സഹായത്തോടെയാണ് ഹെൽത്ത് സ്ക്വാഡ് ഒഴിപ്പിക്കൽ പൂർത്തിയാക്കിയത്.