തിരുവനന്തപുരത്ത് യുവാവിനെ വീട് കയറി ആക്രമിച്ച പ്രതികൾ പിടിയിൽ
രണ്ടു ബൈക്കുകളിൽ ആയി എത്തിയ അഞ്ച് പേരടങ്ങുന്ന സംഘം ഷഹനാസിനെ വീടുകയറി ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ഷഹനാസ് ആശുപത്രിയിൽ ചികിത്സയിലാണ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വീട് കയറി ആക്രമിച്ച പ്രതികൾ പിടിയിൽ. പോത്തൻകോട് പൊലീസാണ് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തത്. ഇവർ ക്വട്ടേഷൻ സംഘാംഗങ്ങളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടാണ് പോത്തൻകോട് മീനറ സ്വദേശി ഷഹനാസിന് മർദനമേറ്റത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇന്നലെ വൈകിട്ട് നാലുമണിയോടു കൂടിയാണ് അക്രമം നടന്നത്. രണ്ടു ബൈക്കുകളിൽ ആയി എത്തിയ അഞ്ച് പേരടങ്ങുന്ന സംഘം ഷഹനാസിനെ വീടുകയറി ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ഷഹനാസ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ പോത്തൻകോട് പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌ത് വരികയാണ്. ആക്രമണത്തിന് കാരണമെന്തെന്ന് തനിക്കറിയില്ലെന്നായിരുന്നു ഷഹനാസ് കഴിഞ്ഞ ദിവസം പൊലീസിന് നൽകിയ മൊഴി. കൂടുതൽ വിവരങ്ങൾ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകുമെന്നാണ് പോലീസ് പറയുന്നത്.
പുറത്തുപോയ ഷഹനാസിനെ കാത്തുനിന്ന സംഘം ആദ്യം വീടിന് മുന്നിലെ വഴിയിൽ വച്ചാണ് ആക്രമിച്ചത്. വീട്ടിലേക്ക് ഓടിക്കയറിയപ്പോൾ പിന്തുടർന്നെത്തി. കമ്പിവടികൾ കൊണ്ടുള്ള അടിയേറ്റാണ് ഷഹനാസിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റത്. പ്രവാസിയായ ഷഹനാസ് മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. ആളുമാറിയുള്ള ആക്രമണം ആണോ എന്ന സംശയവും പൊലീസിനുണ്ട്.