'ഇത് നിയമവഴിയിൽ പിണറായിക്കുള്ള 52 വെട്ട്'; ഭരണകൂടം വേട്ടയാടിയ നിരവധി പേർക്ക് ആശ്വാസമാകുന്ന വിധിയെന്ന് കെ.എം ഷാജി
വലിയ മാനസിക പീഡനമാണ് തനിക്ക് നേരിടേണ്ടിവന്നത്. കോഴിക്കോട് ലോ കോളജിൽ എസ്.എഫ്.ഐയ്കക്ക് വേണ്ടി തല്ലുപിടിച്ച് നടന്നിരുന്നയാളായിരുന്നു ഇ.ഡി ഉദ്യോഗസ്ഥനെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ തന്നെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ഭരണകൂടം വേട്ടയാടിയ നിരവധി പേർക്ക് ആശ്വാസമാകുന്ന വിധിയെന്ന് കെ.എം ഷാജി. ഈ കേസ് നിലനിൽക്കില്ലെന്നും തലകുനിക്കേണ്ടി വരില്ലെന്നും തനിക്കമറിയാമായിരുന്നെന്നും അത് പണം വാങ്ങാത്തവന്റെ ആത്മവിശ്വാസമാണെന്നും കെ.എം ഷാജി പ്രതികരിച്ചു. അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ അനുവദിക്കാൻ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കേസിൽ നിയമനടപടികൾ റദ്ദാക്കിയ സാഹചര്യത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഷാജിയുടെ പ്രതികരണം. രൂക്ഷ വിമർശനമാണ് ഷാജി ഇ.ഡിക്കും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഉന്നയിച്ചത്. ദുർബലമായ കേസിന്റെ പേരിലാണ് വേട്ടയാടിയതെന്നും ഷാജി പറഞ്ഞു.
'വലിയ മാനസിക പീഡനമാണ് തനിക്ക് നേരിടേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്ന് പറഞ്ഞതോടെയാണ് പിന്നീട് ഈ കേസ് വിജിലൻസ് ഇ.ഡിക്ക് കൈമാറിയത്. ഇ.ഡിയെ ക്ഷണിച്ചുവരുത്തിയതാണെന്നും കോഴിക്കോട് ലോ കോളജിൽ എസ്.എഫ്.ഐയ്കക്ക് വേണ്ടി തല്ലുപിടിച്ച് നടന്നിരുന്നയാളായിരുന്നു ഇ.ഡി ഉദ്യോഗസ്ഥനെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യാനെന്ന പേരിൽ കൊണ്ടുപോയിട്ട് ആ ഉദ്യോഗസ്ഥൻ വന്ന് പിണറായിക്ക് വേണ്ടി സമ്മർദം ചെലുത്തി. നിങ്ങൾ പിണറായിയുമായി നല്ല ബന്ധത്തിലാകൂ എന്നും എന്തിനാണ് എതിരിടാൻ പോവുന്നത് എന്നൊക്കെ അയാൾ പറഞ്ഞു. അയാൾ അവിടിരുത്തി എന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. എന്റെ ഭാര്യാവീട്ടുകാരെ വിളിച്ച്, എനിക്ക് എന്തിനാണ് പെണ്ണു കൊടുത്തത് എന്നുവരെ വിളിച്ച് ചോദിച്ചു. ഇതൊക്കെ എന്തിന്റെ പേരിലാണ്?'.
'ഞാനെന്ത് ചെയ്തിട്ടാണ്?. കോടതിയെടുത്ത് വെളിയിലെറിഞ്ഞ ഈ കേസിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കാവുന്നതിന്റെ അങ്ങേയറ്റം പീഡിപ്പിച്ചു. വ്യക്തിപരമായി വേട്ടയാടി എന്നെ തകർക്കാൻ പറ്റുമെന്നായിരുന്നു നോക്കിയത്. ഞാൻ ഇഞ്ചിക്കൃഷി ചെയ്ത കാര്യം പറഞ്ഞപ്പോൾ കഞ്ചാവ് കൃഷി ചെയ്ത പോലെയാണ് ഡിവൈഎഫ്‌ഐക്കാർ അതും പറഞ്ഞ് കളിയാക്കി ഓടിയത്. ഞങ്ങളുടെ കുടുംബം ഇപ്പോഴും കൃഷി ചെയ്യുന്നവരാണ്. എന്തൊക്കെ അപവാദങ്ങൾ പറഞ്ഞുപരത്തി. ചിലപ്പോൾ ചില വാർത്തകൾ കേൾക്കുമ്പോൾ ഇതൊക്കെ എന്നെ കുറിച്ച് തന്നെയാണോ എന്ന് ഞാൻ ചിന്തിക്കും. ഏതെല്ലാം തരത്തിൽ പീഡിപ്പിച്ചു'.
'ഞാൻ വലിയ ബലമുള്ളയാളാണെന്നാണ് സ്വയം കരുതിയിരുന്നത്. പക്ഷേ എനിക്ക് ഹൃദയാഘാതം വന്നു. കാരണം ശരീരത്തിന് ചില പ്രശ്‌നങ്ങളുണ്ട്. പക്ഷേ മനസങ്ങനെ പൊട്ടിപ്പോവില്ല. അതിനാൽ ഒരു നിമിഷം പതറാതെ നിന്നു. അറസ്റ്റ് ചെയ്യാനും ശ്രമമുണ്ടായി. ആകാവുന്ന കളികളൊക്കെ കളിച്ചു. ചെയ്യാവുന്നതൊക്കെ ചെയ്തു. എന്നാൽ എനിക്കറിയാമായിരുന്നു ഇത് നിലനിൽക്കുന്ന കേസല്ലെന്ന്. കാരണം അത് പൈസ വാങ്ങാത്തവന്റെ ആത്മവിശ്വാസമാണ്. അതാണ് ഞാൻ പറഞ്ഞത് ഇതിന്റെ പേരിൽ തലകുനിക്കേണ്ടിവരില്ലെന്ന്. അതുപോലെ തന്നെ ഞാനിപ്പോൾ തല ഉയർത്തി തന്നെയാണ് നിൽക്കുന്നത്. എനിക്കും പിണറായി വിജയനും ആയുസ് തരണേയെന്ന് മാത്രമായിരുന്നു എന്റെ പ്രാർഥന. കാരണം രണ്ടാളും ജീവിച്ചിരിക്കുന്ന കാലത്തും അയാൾ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തും ഈ കേസിൽ ശുദ്ധനായി പുറത്തിറങ്ങണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു'.
'കാരണം മരിച്ചുപോയ ശേഷം കേസ് തെളിഞ്ഞിട്ട് കാര്യമില്ലല്ലോ. ദൈവം ആ പ്രാർഥന കേട്ടു. ഒരു റമദാനിൽ കൊടുത്ത കേസിൽ മറ്റൊരു റമദാനിന്റെ മൂന്നാം പത്തിൽ തന്നെ എനിക്കനുകൂലമായി വിധി വന്നു. എതിരാളികളെ ഇല്ലാതാക്കാൻ ഇങ്ങനെ കള്ളക്കേസ് കൊടുക്കുന്ന പണി ഒരു രാഷ്ട്രീക്കാരനും ചെയ്യരുത്. അതൊരു മര്യാദകെട്ട പണിയാണ്. ജനാധിപത്യ പ്രക്രിയയിൽ ഒരു മുഖ്യമന്ത്രിക്ക് എനിക്കിതിലും വലിയൊരു അടി കൊടുക്കാനില്ല. കാരണം കൈ കൊണ്ടടിച്ചും മാഷാ അല്ലാഹ് സ്റ്റിക്കറൊട്ടിച്ച് അക്രമിച്ചുള്ള ശീലവും ഇല്ലാത്തതുകൊണ്ടാണ് നിയമത്തിന്റെ വഴിക്ക് പോയത്. ആ വഴിയിൽ ഞാനിന്ന് 52 വെട്ടാണ് മുഖ്യമന്ത്രിക്കിട്ട് വെട്ടിയതെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്കെതിരെ കള്ളമൊഴിയുണ്ടാക്കാൻ ആ സ്‌കൂളിലെ അധ്യാപകരെ ഒരുപാട് പീഡിപ്പിച്ചിട്ടുണ്ട്. പല വാഗ്ദാനങ്ങളും കൊടുത്തു. എന്നാൽ അവർ പിടിച്ചുനിന്നു. കരള് പറിച്ച് അവരെന്റെ കൂടെനിന്നു. 56 സാക്ഷികളിൽ മൂന്ന് പേരാണ് എതിര് നിന്നത്, അതിൽ ആ കള്ള അധ്യാപകൻ പോലും കേട്ടറിവ് എന്നാണ് പറഞ്ഞതെ'ന്നും കെ.എം ഷാജി കൂട്ടിച്ചേർത്തു.