'ഈ കപ്പൽ വരുന്നത് ഞങ്ങളുടെ നെഞ്ചത്തൂടെയാണ്'; കുറിപ്പ്

'കപ്പൽ വരും പോകും, തുറ തുറയായി തന്നെ ഉണ്ടാകും'

Update: 2024-07-12 13:24 GMT
Advertising

തിരുവനന്തപുരം: ആഘോഷമാക്കിയാണ് കേരളക്കര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വരവേറ്റത്. തുറമുഖത്ത് ഇന്ന് ട്രയൽ റൺ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തുറമുഖത്ത് എത്തിയ ആദ്യ കണ്ടെയ്‌നര്‍ കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോയെ സ്വീകരിച്ചാനയിക്കുകയും ചെയ്തു.

തുറമുഖ‌ നിർമാണത്തിന്റെ ഭാഗമായി പരിസരപ്രദേശങ്ങൾ നോൺ ഫിഷിങ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുന്നത് ഒരു കുറിപ്പാണ്. തുറമുഖത്തിൻ്റെ വരവ് പരമ്പരാ​ഗതമായി കടലിനെ ആശ്രയിച്ച് ജീവിക്കുന്നവരെ എങ്ങനെ ബാധിക്കുന്നു എന്ന് കുറിപ്പ് ഓർമിപ്പിക്കുന്നു. തിരുവനന്തപുരം സ്വ​ദേശി വിപിൻ ​ദാസ് ആണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പ് പൂർണരൂപത്തിൽ

ആനിയാടി മാസമായതുകൊണ്ടുതന്നെ വിഴിഞ്ഞം ഹാർബറിൽ നിന്നാണ് ഇപ്പോൾ അപ്പൻ കടലിൽ പോകുന്നത്. സാധാരണ വെളുപ്പിനെ മൂന്നു മണിക്കെണീറ്റ് വീട്ടിൽ നിന്നു കടലിൽ പണിക്കുപോകാനിറങ്ങിയാൽ പിന്നെ ഉച്ചയ്ക്ക് ശേഷം മാത്രം തിരികെ വരുന്ന പതിവുള്ള അപ്പൻ ഇന്നു രാവിലെ 9 മണിക്ക് ഞാൻ ഓഫീസിൽ പോകാനിറങ്ങി നോക്കിയപ്പോൾ ഒഴിഞ്ഞ കോട്ടുമാലുമായി വീട്ടു പടിക്കൽ നിൽക്കുന്നു. ഇന്നലെയും ഇങ്ങനെ തന്നെ കണ്ടെങ്കിലും ഞാൻ വലിയ മൈൻഡ് ചെയ്തിരുന്നില്ല.

പതിവില്ലാതെ രണ്ടുദിവസം എന്താണ് നേരത്തെ കടലിൽ നിന്നു വരാൻ കാരണമെന്ന് ഇന്നു ഞാൻ തിരക്കി. വിഴിഞ്ഞത്ത് കപ്പലു വന്നു കിടക്കുന്നതുകൊണ്ട് തീരക്കടലിലെ പാരുകളിലേക്കടുക്കാൻ പോലീസ് സമ്മതിക്കുന്നില്ലെന്ന്!

തുറമുഖ പ്രദേശത്തോടു ചേർന്ന് കടലിനടിയിൽ നിരവധി ജൈവവൈവിധ്യമേഖലകളുണ്ട്, മീനുകളുടെ ആവാസയിടങ്ങളായ പാരുകൾ. ആനിയാടിസമയത്തും അല്ലാതെയും ജില്ലയിലെ പരമ്പരാഗത കടൽപ്പണിക്കാർക്ക് അന്നം കൊടുക്കുന്ന മാന്ത്രിക കല്ലുകളാണവ. മുളവറക്കല്ല്, പെരുമാക്കല്ല്, പന്താക്കല്ല് എന്നിങ്ങനെയൊക്കെ പേരുപറയും പരമ്പരാഗത കടൽപ്പണിക്കാർ.

കപ്പലുവന്നതുകൊണ്ട് ചെറിയ വള്ളങ്ങളിൽ പോലീസുകാർ റോന്തുചുറ്റുകയും കാലങ്ങളായി ഈ പരമ്പരാഗത തൊഴിലിടങ്ങളിൽ തൊഴിൽ ചെയ്തുകൊണ്ടിരുന്ന കടല്പണിക്കാരെ അവരുടെ ആ തൊഴിൽ സ്ഥലങ്ങളിൽ നിന്ന് ആട്ടിപ്പായിക്കുകയും ചെയ്തുവത്രെ.

പോലീസ് ഓടിച്ചുവിട്ടതിൽ രോഷവും ഇനിയെത്രകാലം ഈ കടലിൽ എന്നു ദീർഘശ്വാസവുമെടുത്തശേഷം ശോഷിച്ച കോട്ടുമാലുമായി അപ്പങ്കാറൻ വീടിനുള്ളിലേക്കു കയറിപ്പോയി.

തികച്ചും നിർവ്വികാരനായി തിരുവനന്തപുരം നഗരത്തിലേക്ക് ഡ്രൈവ്‌‌ ചെയ്യുമ്പോൾ വിഴിഞ്ഞമെന്ന തലക്കെട്ടിൽ കഴിഞ്ഞ രണ്ടുദിവസങ്ങളായി മാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്ന, ഇന്നും നാളെയുമൊക്കെയായി ഇനി കാണാൻ കിടക്കുന്ന കാഴ്ചകൾ‌ നെഞ്ചിൽ കിടന്ന് പുളിച്ചുതികട്ടുന്നുണ്ടായിരുന്നു. സാൻ ഫെർണാണ്ടോ‌യെന്നൊക്കെ പറഞ്ഞുള്ള മന്ത്രിമാരുടെ കപ്പലു സെൽഫികൾ, വികസനക്കുഞ്ഞിന്റെ തന്തയാരെന്നുള്ള അവകാശവാദങ്ങൾ, കേരളം വികസനത്തിന്റെ തുമ്പിക്കയ്യിൽ എന്നൊക്കെയുള്ള മാധ്യമങ്ങളുടെ മത്സരിച്ചുള്ള റിപ്പോർട്ടിംഗ്.. എന്തൊരു അശ്ലീലമാണെന്നറിയാമോ മനുഷ്യരെ ഞങ്ങൾക്കിത്.

നിങ്ങളിപ്പോൾ ആഘോഷിക്കുന്ന ഈ കപ്പലു വരുന്നതും അപ്പോഴൊക്കെ നിങ്ങൾ കെട്ടുന്ന ഉദ്ഘാടനവേദികളുമെല്ലാം കടലിനെയും കടൽവിഭവങ്ങളെയും മാത്രമാശ്രയിച്ച് അതിജീവനം നടത്തുന്ന ഒരു കടൽസമൂഹത്തിന്റെ നെഞ്ചത്തൂടെയാണ്. ഉദ്ഘാടനവേദികളിൽ നിന്ന് സെൽഫിയെടുക്കാൻ നേരം നിങ്ങളുടെ മുഖത്തുവിരിയുന്ന ചിരി കൊലച്ചിരിയായി ആ കടൽമനുഷ്യർക്ക് ശരിക്കും നോവുന്നുണ്ട്.

വിഴിഞ്ഞം തുറമുഖ‌ നിർമ്മാണത്തിന്റെ ഭാഗമായി പരിസരപ്രദേശങ്ങൾ മുഴുവനും ‌നോൺ ഫിഷിംഗ് സോണായി പ്രഖ്യാപിക്കപ്പെടുകയും കടലിനെയും കടൽവിഭവങ്ങളെയും സുസ്ഥിരമായി വിനിയോഗിച്ചുകൊണ്ട് കാലങ്ങളായി തീരക്കടലിൽ നടത്തപ്പെടുന്ന പരമ്പരാഗത മത്സ്യബന്ധനത്തിന്റെ ചാവുമണിമുഴക്കമുണ്ടാവുകയും ഒരു‌ സമ്പന്നമായ കടൽസംസ്കാരത്തിന്റെ അന്ത്യം കണ്മുന്നിൽ കാണേണ്ടിവരികയും ചെയ്യുമെന്ന് ഉള്ളുകൊണ്ട് നൊന്ത്, ഇതിനൊക്കെയും തൊഴിലാളി വർഗ്ഗ പ്രസ്ഥാനമെന്നൊക്കെ നെഞ്ചിലേറ്റി നടന്ന പ്രസ്ഥാനം മൂലകാരണമാകുന്നതും കണ്ട് ഒന്നും മിണ്ടാൻ കഴിയാതെ‌ നിസ്സംഗാവസ്ഥയിലിരിക്കുന്നു.

ഒരു കടൽച്ചൊല്ലുണ്ട് നാട്ടിൽ, കപ്പലു വരും പോകും, തുറ തുറയായി തന്നെ ഉണ്ടാകും..

തുറ തുറയായി തന്നെ ഉണ്ടാകുമോ എന്ന് കണ്ടറിയണം.

ലാൽ സലാം.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News