'ഇസ്‍ലാം നിഷിദ്ധമാക്കിയ കാര്യത്തിൽ ഒത്തുകൂടുന്നവരാണ് ഇപ്പോള്‍ മാറി നിൽക്കുന്നത്'; ലീഗിനെതിരെ വിമർശനവുമായി ഉമർ ഫൈസി മുക്കം
രാഷ്ട്രീയത്തിൻ്റെ പേരിൽ സി.പി.എം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ നിന്ന് മാറി നിൽക്കേണ്ടതില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു
മലപ്പുറം: ലീഗിനെതിരെ പരോക്ഷ വിമർശനവുമായി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. രാഷ്ട്രീയത്തിൻ്റെ പേരിൽ സി.പി.എം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ നിന്ന് മാറി നിൽക്കേണ്ടതില്ലെന്നും അങ്ങനെ മാറി നിൽക്കുന്നത് വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു.
'അത് കൊണ്ടാണ് ഇടതും വലതും നോക്കാതെ സമസ്ത പരിപാടിയിൽ പങ്കെടുക്കുന്നത്. സമസ്ത എക്കാലവും ഇത്തരം പരിപാടികൾക്ക് ഒപ്പം ഉണ്ടാകും. ഇസ്‍ലാം നിഷിദ്ധമാക്കിയ കാര്യത്തിൽ ഒത്തുകൂടുന്നവരാണ് ഇപ്പോള്‍ മാറി നിൽക്കുന്നതെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
നല്ല കാര്യങ്ങളിൽ സഹകരിക്കണമെന്നും അനീതിക്കും അക്രമത്തിനും കുറ്റകൃത്യങ്ങള്‍ക്കും സഹകരിക്കരുതെന്നുമാണ് ഖുർ ആൻ പറയുന്നത്. അതുകൊണ്ടാണ് ഇടതോ വലതോ എന്ന് നോക്കാതെ സമസ്ത ഇത്തരം പരിപാടിികളിൽ സഹകരിക്കുന്നത്. ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രഖ്യാപിച്ചതും ഇത് തന്നെയാണ്'- ഉമർ ഫൈസി മുക്കം .
ഹൃദയമുള്ളവർക്ക് ഫലസ്തീനിനൊപ്പമെ നിൽക്കാൻ കഴിയു എന്നും അതിന് ജാതിയോ രാഷ്ട്രീയമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്‍റെ പേരിൽ അല്ല ഈ യുദ്ധം എന്നതിന് തെളിവാണ് യഹൂദർ ഇത്തരം പരിപാടിയിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറത്ത് സി.പി.എം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ സംസാരിക്കവെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.