രൺജിത് ശ്രീനിവാസൻ കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണി; മൂന്നുപേർ അറസ്റ്റിൽ
രൺജിത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.
Update: 2024-02-01 09:20 GMT
ആലപ്പുഴ: ബി.ജെ.പി നേതാവായിരുന്ന രൺജിത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ അധിക്ഷേപവും ഭീഷണിയും നടത്തിയ മൂന്നുപേർ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീർ മോൻ, നവാസ് നൈന, തിരുവനന്തപുരം പോത്തൻകോട് സ്വദേശി റാഫി എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയത്. കലാപാഹ്വാനത്തിനാണ് ഇവർക്കെതിരെ കേസെടുത്തത്.
രൺജിത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി ശ്രീദേവിയാണ് കേസിൽ വിധി പറഞ്ഞത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ജഡ്ജിക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. 2021 ഡിസംബർ 19ന് പുലർച്ചെയാണ് രൺജിത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.