ഉരുൾപൊട്ടൽ ഭീഷണി; നാദാപുരം അടുപ്പില്‍ കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നു
ഇവര്‍ക്കായി പയനം കൂട്ടത്തില്‍ ഒമ്പതര ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു. 65 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുക
വിലങ്ങാട് ഉരുൾപൊട്ടൽ ഭീഷണിയില്‍ കഴിയുന്ന കോഴിക്കോട് നാദാപുരം അടുപ്പില്‍ കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നു. ഇവര്‍ക്കായി പയനം കൂട്ടത്തില്‍ ഒമ്പതര ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു. 65 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുക.
അടുപ്പില്‍ കോളനി ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള മേഖലയാണെന്ന് കണ്ടാണ് റവന്യൂ വകുപ്പധികൃതര്‍ പ്രദേശത്തെ കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാന്‍ തീരുമാനിച്ചത്. ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് ഒമ്പതര ഏക്കര്‍ സ്ഥലം സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുത്തു. രണ്ടര ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഡി കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. പുനരധിവാസ നടപടികള്‍ ത്വരിതപ്പെടുത്താന്‍ വാണിമേല്‍ പഞ്ചായത്ത് അധികൃതരോട് കലക്ടര്‍ ആവശ്യപ്പെട്ടു.
ഒരു കുടുംബത്തിന് ആറു ലക്ഷം രൂപയാണ് സ്ഥലത്തിനായി കണക്കാക്കിയിരിക്കുന്നത്. നാല് ലക്ഷം രൂപക്ക് വീടും പണിതു നല്‍കും. അടുപ്പില്‍ കോളനിയില് നിന്നുള്ള 59 കുടുംബങ്ങളെയും പയനം കൂട്ടത്തിലെ നാലു കുടുംബങ്ങളെയും ഉരുട്ടിയിലെ രണ്ട് കുടുംബങ്ങളെയുമാണ് പുനരധിവസിപ്പിക്കുന്നത്.