ദേശാടന പക്ഷികളെയടക്കം വേട്ടയാടി ചുട്ട് തിന്നുന്ന മൂന്ന് പേർ പിടിയിൽ
പിടികൂടുന്ന പക്ഷികളുടെ കണ്ണിൽ കമ്പി കുത്തിക്കയറ്റി കാഴ്ച നഷ്ടപ്പെടുത്തി അവയെ വയലിൽ കെട്ടിയിടും.
കോഴിക്കോട്: ദേശാടന പക്ഷികളെയടക്കം വേട്ടയാടി ചുട്ടുതിന്നുന്ന മൂന്ന് പേർ പൊലീസ് പിടിയിൽ. കോഴിക്കോട് പന്നിക്കോട് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മുക്കം പൊലീസിൻ്റെ പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു.
ദേശാടന പക്ഷികൾക്കൊപ്പം പ്രാവ്, കൊക്ക്, അരണ്ട എന്നിവയെയും വേട്ടയാടുന്ന സംഘമാണ് ഇവർ. തമിഴ്നാട് സ്വദേശികളായ മണികണ്ഠൻ, രാജേഷ്, രവി എന്നിവരെയാണ് നാട്ടുകാർ പടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പ്രതികളെ വനംവകുപ്പിന് കൈമാറി.
പിടികൂടുന്ന പക്ഷികളുടെ കണ്ണിൽ കമ്പി കുത്തിക്കയറ്റി കാഴ്ച നഷ്ടപ്പെടുത്തി അവയെ വയലിൽ കെട്ടിയിടും. ഈ പക്ഷികളെ കണ്ടു വരുന്ന മറ്റു പക്ഷികളെ കൂട്ടത്തോടെ വലയിലാക്കുകയുമാണ് ഈ സംഘത്തിൻ്റെ രീതി. കൊടിയത്തൂർ പഞ്ചായത്തിലെ കാരകുറ്റി വയലിൽ നിന്നാണ് സംഘം പിടിയിലായത്.
വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെയും ഇവർ വേട്ടയാടിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വിശദമായി പരിശോധിച്ച് വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.