യുവാവിനെ അടിച്ച് കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ
മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കാസർകോട്: കാസര്‍കോട് മഞ്ചേശ്വരത്ത് യുവാവിനെ അടിച്ച് കൊന്ന കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മിയാപദവ് സ്വദേശി മുഹമ്മദ് ആരിഫ് മർദ്ദനമേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഞ്ചാവ് കേസില്‍ അറസ്റ്റിലായ ആരിഫ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
കുഞ്ചത്തൂര്‍ കണ്വതീര്‍ത്ഥ സ്വദേശികളായ അബ്ദുള്‍ റഷീദ്, ഷൗക്കത്ത്, സിദ്ദിഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. മീഞ്ച പതംഗളയിലെ മൊയ്തീന്‍ ആരിഫിനെ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്കാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാട് കണ്ടതിനെ തുടർന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആരിഫിനെ ഞായറാഴ്ച വൈകുന്നേരം കഞ്ചാവ് കൈവശം വെച്ച കേസില്‍ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
ഇതിന് ശേഷമാണ് ആരിഫിന് മര്‍ദ്ദനമേറ്റത്. മയക്കുമരുന്ന് ഉപയോഗിച്ച് സ്ഥിരമായി പ്രശ്നമുണ്ടാക്കുന്നതിലുള്ള വിരോധമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ആരിഫിൻ്റെ അടുത്ത ബന്ധുവിനെയും രണ്ട് സുഹൃത്തുക്കളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.