കോട്ടയത്ത് വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടത്തിയ മൂന്ന് പേർ പിടിയിൽ
മുഖ്യപ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളഞ്ഞു
കോട്ടയം: കോട്ടയം തെള്ളകത്ത് വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടത്തിയ മൂന്ന് പേർ എക്സൈസ് പിടിയിൽ. മുഖ്യപ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളഞ്ഞു.പ്രതികൾ വളർത്തു നായകളെ അഴിച്ച് വിട്ട് പ്രതിരോധിക്കാൻ നടത്തിയ ശ്രമം എക്സൈസ് സംഘം തകർത്തു.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു എക്സൈസ് നടപടി. തെള്ളകത്തെ വീട്ടിൽ പരിശോധന നടത്തിയ എക്സൈസ് 3 ലിറ്റർ ചാരായം 75 ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവ കസ്റ്റഡിയിലെടുത്തു. പാറത്തടത്തിൽ ഹരിപ്രസാദിൻ്റെ വീട്ടിലായിരുന്നു പരിശോധന .ഇയാൾ എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ടു.ഇയാളുടെ കൂട്ടാളികളായ മൂന്ന് പേർ പിടിയിലായി.
തെള്ളകം സ്വദേശികളായ വിനീത് ബിജു, അമൽ എം, വൈക്കം ഉദയനാപുരം സ്വദേശി കണ്ണൻ എന്നിവരാണ് അറസ്റ്റിലായത്.പ്രതികളെ പിടികൂടുന്നതിനിടെ പരിക്കേറ്റ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ അനു വി. ഗോപിനാഥ് ചികിത്സ തേടി. വീട് കേന്ദ്രീകരിച്ചുള്ള വ്യാജവാറ്റ് സംബന്ധിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്സൈസ് റെയ്ഡ്. പ്രതികളെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.