തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിൽ; വാഹന പ്രചാരണത്തിൽ യു.ഡി.എഫിനേക്കാൾ മുന്നിൽ എൽഡിഎഫ്
തെരഞ്ഞെടുപ്പ് കളത്തിൽ ആദ്യം ഇറങ്ങിയത് യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് ആയിരുന്നെങ്കിൽ വാഹനപ്രചാരണത്തിൽ ആദ്യം മുന്നേറിയത് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫാണ്
വാഹനപ്രചാരണം തുടങ്ങിയതോടെ തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നു. വാഹനപ്രചാരണത്തിൽ യുഡിഎഫിനേക്കാൾ മുന്നിലാണ് എൽഡിഎഫ്. ബിജെപിയും ഉടൻ വാഹനപ്രചാരണത്തിലേക്ക് കടക്കും.
പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ മണ്ഡലം ചുറ്റുകയാണ് സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പ് കളത്തിൽ ആദ്യം ഇറങ്ങിയത് യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് ആയിരുന്നെങ്കിൽ വാഹനപ്രചാരണത്തിൽ ആദ്യം മുന്നേറിയത് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫാണ്. എൽ.ഡി.എഫിന്റെ ഇന്നത്തെ വാഹന പ്രചാരണം ജഡ്ജിമുക്കിൽ ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്യും. തൃക്കാക്കര സെൻട്രലിലെയും പാലാരിവട്ടത്തെയും വിവിധ പ്രദേശങ്ങളിലാണ് ഇന്ന് വാഹനപ്രചാരണം. ജോ ജോസഫിനായി മന്ത്രിമാരായ കെ രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ, കെ രാജൻ, അഹമ്മദ് ദേവർ കോവിൽ എന്നിവരും വിവിധ എംപിമാരും രംഗത്തിറങ്ങും.
യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് ഇന്നലെ വൈകിട്ടാണ് വാഹനപ്രചാരണത്തിലേക്ക് കടന്നത്. ഇന്ന് തമ്മനം, തൃക്കാക്കര വെസ്റ്റ് എന്നിവടങ്ങളിൽ പര്യടനം നടത്തുന്ന ഉമ കാക്കനാട് സെസ്സിലും സന്ദർശനം നടത്തും. മുതിർന്ന കോൺഗ്രസ് നേതാക്കളും മണ്ഡലത്തിൽ സജീവമായി വോട്ടുപിടിക്കാനിറങ്ങുന്നുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് ഓരോ ദിവസവും ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ വരെ വിലയിരുത്തിയാണ് പ്രചാരണം ഏകോപനം ചെയ്യുന്നത്. ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷണനും ഉടൻ വാഹന പ്രചാരണത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. ഇന്ന് പാലച്ചുവട്, അയ്യനാട്, തൃക്കാക്കര, വെണ്ണല തുടങ്ങിയ സ്ഥലങ്ങളിലാണ് ബിജെപിയുടെ പര്യടനം.