തൃശൂരില്‍ നഗരത്തില്‍ വന്‍ ജിഎസ്‍ടി റെയ്ഡ്; 108 കിലോ സ്വർണം കണ്ടുകെട്ടി

പരിശോധനയ്ക്കിടെ ചിലര്‍ സ്വര്‍ണാഭരണങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയും ചെയ്തു

Update: 2024-10-24 13:23 GMT
Editor : Shaheer | By : Web Desk
Advertising

തൃശൂര്‍: നഗരത്തിലെ സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്‍ടി ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധന പൂർത്തിയായി. 108 കിലോ സ്വർണമാണു വിവിധയിടങ്ങളില്‍നിന്നായി കണ്ടുകെട്ടിയത്. അനധികൃത വിൽപ്പന നടത്തിയതിന് 5.43 കോടി രൂപ പിഴയിടുകയും ചെയ്തിട്ടുണ്ട്.

ഓപറേഷൻ 'ടോറെ ഡെൽ ഓറോ' എന്ന പേരിലായിരുന്നു തൃശൂരില്‍ ഇന്നും ഇന്നലെയുമായി ജിഎസ്‍ടി ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ റെയ്ഡ് നടന്നത്. ഇന്നലെ വൈകീട്ട് ആരംഭിച്ച പരിശോധന ഇന്ന് ഉച്ചയ്ക്കുശേഷമാണ് അവസാനിച്ചത്. 77 സ്ഥാപനങ്ങളിലായി നടന്ന പരിശോധനയില്‍ 700ലേറെ ഉദ്യോഗസ്ഥർ പങ്കെടുത്തു. 38 സ്ഥാപനങ്ങളില്‍ വീഴ്ച കണ്ടെത്തി.

നഗരത്തിലെ സ്വര്‍ണാഭരണ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ഏഴ് മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് റെയ്ഡ് നടന്നത്. അതിവിദഗ്ധമായായിരുന്നു പരിശോധന നടന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരെ അയല്‍കൂട്ടത്തിന്‍റെ വിനോദസഞ്ചാര ഫ്ളെക്സ് ഒട്ടിച്ച ബസിലായിരുന്നു നഗരത്തിലെത്തിയത്. എന്തിനായിരുന്നു നഗരത്തിലേക്ക് കൊണ്ടുവരുന്നതെന്ന് ഉദ്യോഗസ്ഥരെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. ഇവിടെ എത്തിയ ശേഷമാണ് ഓരോരുത്തരെയും ഓരോ കേന്ദ്രങ്ങളിലേക്ക് പരിശോധനയ്ക്കായി അയച്ചത്.

പരിശോധനയ്ക്കിടെ ചിലര്‍ സ്വര്‍ണാഭരണങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Summary: 108 kg of gold confiscated during the inspection conducted by the GST intelligence department in Thrissur today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News