'വാഴകൃഷിക്ക് മാത്രമല്ല, ജനാധിപത്യത്തിനും മതേതരത്വത്തിനും വളക്കൂറുള്ള മണ്ണാണ് തൃത്താല'; വി.ടി ബൽറാമിനെ ട്രോളി വി. ശിവൻകുട്ടി
മന്ത്രിയുടെ പോസ്റ്റ് ഷെയർ ചെയ്ത് വി.ടി ബൽറാമും രംഗത്തെത്തി
യൂത്ത് കോൺഗ്രസ് നേതാവും തൃത്താല മുൻ എം.എൽ.എയുമായ വി.ടി ബൽറാമിനെ പരോക്ഷമായി പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വാഴകൃഷിക്ക് മാത്രമല്ല, ജനാധിപത്യത്തിനും മതേതരത്വത്തിനും വളക്കൂറുള്ള മണ്ണാണ് തൃത്താല എന്നായിരുന്നു വി. ശിവൻകുട്ടിയുടെ പരാമർശം. ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി വി.ടി ബൽറാമിനെ പരോക്ഷമായി പരിഹസിച്ചത്. സ്പീക്കർ എം. ബി. രാജേഷിനൊപ്പമുള്ള ചിത്രവും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.
മന്ത്രിയുടെ പരാമർശം ഏറ്റുപിടിച്ചും അദ്ദേഹത്തെ വിമർശിച്ചും നിരവധിയാളുകളാണ് ഫേസ്ബുക്ക് പോസ്റ്റിനു താഴെ പ്രതികരണവുമായെത്തിയത്. തൊട്ടു പിന്നാലെ് മന്ത്രിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് വി.ടി ബൽറാമും രംഗത്തെത്തി.
തന്നെ നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനൽ എന്ന് വിശേഷിപ്പിച്ച വി.ടി ബൽറാമിന് മന്ത്രി പരോക്ഷ മറുപടി നൽകിയത് ഏറെ ചർച്ചയായിരുന്നു. കൂമ്പ് ചീഞ്ഞ വാഴയുടെ ചിത്രം സഹിതമാണ് മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. തുടർന്ന് മന്ത്രി പറഞ്ഞത് ഇങ്ങനെ: ''കൃഷിപാഠം-1: വാഴയുടെ കൂമ്പ് ചീയൽ. വാഴയുടെ കൂമ്പ് ചീയൽ.-രോഗത്തിന് പ്രധാന കാരണം കോഴി വളത്തിന്റെയും യൂറിയയുടെയും അമിതമായ ഉപയോഗമാണ്.''വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാവായ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിക്ക് പിന്നാലെയായിരുന്നു ബൽറാം മന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയത്.