ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം വീണ്ടും കടുവയിറങ്ങി; പശുവിനെയും നായയെയും കടിച്ച് കൊന്നു
ഗ്രാമ്പിയിൽ പരിക്കേറ്റ കടുവയെ പിടിക്കാനുള്ള ദൗത്യം ഇന്നും തുടരും
ഇടുക്കി: വണ്ടിപ്പെരിയാറിനു സമീപം അരണക്കല്ലിൽ കടുവയുടെ ആക്രമണം. പ്രദേശവാസികളുടെ പശുവിനെയും നായയെയും കടുവ കൊന്നു.വനം വകുപ്പ് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.പ്രദേശവാസിയായ നാരായണന്‍റെ പശുവിനെയും ബാലമുരുകൻ്റെ നായയെയുമാണ് കടുവ അക്രമിച്ചത്.
സമീപത്തുള്ള ഗ്രാമ്പിയിൽ കണ്ടെത്തിയ കടുവക്കായി കൂട് വെച്ച് കാത്തിരിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണംജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താനുള്ള ദൗത്യം ഇന്നും തുടരും. ആദ്യം ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും ആവശ്യമെങ്കിൽ സംഘം തിരിഞ്ഞുള്ള തിരച്ചിലും നടത്തും. കടുവയെ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടാനും പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ച് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങളും സജ്ജമാണ്.
കടുവ റാന്നി റിസർവിലേക്ക് കയറിയിട്ടുണ്ടാകാമെന്നാണ് വനംവകുപ്പിൻറെ നിഗമനം. നിലവിലുള്ളതിന് പുറമെ രണ്ടിടത്ത് കൂടി കൂടുകൾ സ്ഥാപിക്കും. നാട്ടുകാരുടെ പ്രതിഷേധം മറികടക്കാനും സുരക്ഷയൊരുക്കാനും പ്രത്യേക സംഘത്തെയും വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്.