മുള്ളൻകൊല്ലിയിൽ നിന്ന് പിടികൂടിയ കടുവയെ തൃശൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി
മുള്ളൻകൊല്ലിയിൽ നിലവിൽ മറ്റ് കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും വനം വകുപ്പ്
വയനാട്: ജനവാസ കേന്ദ്രത്തിൽ ഭീതി വിതച്ചതിനെ തുടർന്ന് വയനാട് മുള്ളൻകൊല്ലിയിൽ നിന്ന് പിടികൂടിയ കടുവയെ തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. രണ്ട് ദിവസം സുൽത്താൻ ബത്തേരി കുപ്പാടിയിലെ വന്യമൃഗ പരിപാലന കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു കടുവ. പരിശോധനയിൽ കാര്യമായ പരിക്കുകൾ കണ്ടെത്താനായിട്ടില്ലെന്നും കടുവയുടെ ചില പല്ലുകൾ കൊഴിഞ്ഞിട്ടുണ്ടെന്നും സൗത്ത് വയനാട് ഡി എഫ് ഒ ഷജ്ന കരീം അറിയിച്ചു
രണ്ട് മാസത്തോളം ജനവാസ കേന്ദ്രത്തിലെ ഭീതിയായിരുന്ന WWL 127 എന്ന ആൺ കടുവ രണ്ട് ദിവസം മുമ്പാണ് കൂട്ടിലായത്. വെറ്റിനറി അസിസ്റ്റന്റ് സർജൻ ഡോ. അജേഷ് മോഹൻ ദാസിന്റെ നേതൃത്വത്തിൽ വിശദ പരിശോധനകൾ പൂർത്തിയാക്കിയാണ് തൃശൂരിലേക്കുള്ള യാത്ര. മുള്ളൻകൊല്ലിയെ വിറപ്പിച്ച നാഗർഹോളക്കാരന് വലിയ പരുക്കുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
2020 - 2021 ൽ ഇതേ കടുവയെ നാഗർഹോള നാഷണൽ പാർക്കിൽ നിന്ന് ക്യാമറ ട്രാപ്പിൽ ലഭിച്ചിരുന്നതായും ഇതിനെ ഐ ഡി ചെയ്തിട്ടുള്ളതായും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മുള്ളൻകൊല്ലിയിൽ നിലവിൽ മറ്റ് കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും വനം വകുപ്പ് അറിയിച്ചു.