കാനത്തിന്റെ വിയോഗം: നവകേരള സദസ്സിന്‍റെ നാളത്തെ പരിപാടികൾ മാറ്റി
കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്നാണ് പരിപാടികൾ മാറ്റിയത്
കൊച്ചി: നവകേരളാ സദസ്സിന്റെ നാളത്തെ പരിപാടികൾ മാറ്റിവെച്ചു. ഞായറാഴ്ച്ച ഉച്ചക്കുശേഷം രണ്ടുമണിക്ക് പര്യടനം തുടരും. കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്നാണ് പരിപാടികൾ മാറ്റിയത്. നവകേരളാ സദസ്സിന്റെ പരിപാടികൾക്ക് മാറ്റമുണ്ടാകില്ലെന്നാണ് ആദ്യഘട്ടത്തിൽ അറിയിച്ചത്. പിന്നാട് തീരുമാനത്തിൽ മാറ്റമുണ്ടായത്. നാളെ എറണാകുളം മണ്ഡലത്തിൽ നടത്താനിരുന്ന പരിപാടികളാണ് മാറ്റിയത്. മറ്റന്നാൾ കാനം രാജേന്ദ്രന്റെ സംസ്‌കാരച്ചടങ്ങുകൾക്കുശേഷം പരിപാടികൾ ആരംഭിക്കും. ഇന്ന് വൈകിട്ടോടെയാണ് കാനം അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
2015 മുതൽ സി.പി.ഐ സംസ്ഥാന സെക്രട്ടറിയാണ്. കാനത്തിൻറെ കാലിന് അപകടത്തിൽ പരിക്കേൽക്കുകയും അണുബാധയെ തുടർന്ന് അടുത്തിടെ കാൽപാദം മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. വാഴൂരിൽനിന്ന് രണ്ടു തവണ നിയമസഭയിലെത്തി. അനാരോഗ്യംമൂലം കാനം സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാൻ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു.
52 വർഷമായി സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമാണ്. 2006ൽ എ.ഐ.ടു.യു.സി സംസ്ഥാന സെക്രട്ടറിയായി. 1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ വി.കെ. പരമേശ്വരൻ നായരുടെ മകനായാണ് ജനനം.എ.ഐ.വൈ.എഫിലൂടെ രാഷ്ട്രീയത്തിലെത്തി. 23ാം വയസ്സിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായി. 28ാം വയസ്സിൽ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 1982ലും 87ലുമാണ് വാഴൂരിൽനിന്ന് നിയമസഭയിലെത്തിയത്. ആദ്യം എം.കെ. ജോസഫിനെയും പിന്നീട് പി.സി. തോമസിനെയുമാണ് തോൽപിച്ചത്.