കണ്ണൂരില്‍ കല്ലട ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരിക്ക്
ഇടിയുടെ ആഘാതത്തിൽ ബസ് മൂന്ന് തവണ മലക്കം മറിഞ്ഞു
കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്. കല്ലട ട്രാവൽസിന്റെ ടൂറിസ്റ്റ് ബസ്സ് ആണ് അപകടത്തിൽപ്പെട്ടത്. മിനി ലോറിയുടെ ഡ്രൈവറുടെയും ബസിലെ ഒരു യാത്രക്കാരന്റെയും നില അതീവ ഗുരുതരമാണ്. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
ചൊവ്വാഴ്ച പുലർച്ചെ 12.40 ഓടെയായിരുന്നു ദേശീയപാതയിൽവെച്ച് അപകടമുണ്ടാകുന്നത്. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവൽസിന്റെ ബസും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.
റോഡിലെ വിജനമായ സ്ഥലത്തായിരുന്നു അപകടം നടന്നത്. അതുകൊണ്ട് തന്നെ അപകടം നടന്ന് അൽപ നേരത്തിന് ശേഷമാണ് രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞത്. എന്നാല്‍ അപകടം എങ്ങനെയാണ് നടന്നതെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. മീന്‍ കയറ്റിവന്ന മിനി ലോറി നിയന്ത്രണം വിട്ട് ബസിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മൂന്ന് തവണ മലക്കം മറിഞ്ഞു. മിനി ലോറി കടയിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. ഏകദേശം 20 പേരായിരുന്നു ബസിലുണ്ടായിരുന്നതെന്നാണ് കല്ലട ട്രാവല്‍ ഏജന്‍സി നല്‍കുന്ന വിവരം.