'കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം; പൊലീസ് വിളിച്ചാൽ മൊഴി നൽകാൻ തയ്യാര്‍' : ടൊവിനോ തോമസ്
ജോലി സ്ഥലത്ത് എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ടൊവിനോ തോമസ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് നടൻ ടൊവിനോ തോമസ്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ജോലി സ്ഥലത്ത് എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ടൊവിനോ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് വിളിച്ചാൽ മൊഴി നൽകാൻ തയ്യാറാണെന്നും കുറ്റാരോപിതർ മാറിനിൽക്കുന്നത് അന്വേഷണത്തിന് ആവശ്യമാണെന്നും ടൊവിനോ. കുറ്റം തെളിയിക്കപ്പെട്ടാൽ ആരായാലും ശിക്ഷ അനുഭവിക്കണം. സിനിമാ മേഖലയിൽ മാത്രമല്ല എല്ലാ സ്ഥലത്തും എല്ലാവരും സുരക്ഷിതരായിരിക്കണം. നിലവിലുള്ള നിയമ സംവിധാനത്തിൽ വിശ്വസിച്ചു മുന്നോട്ട് പോകുകയാണ്. ആൾക്കൂട്ട വിചാരണയല്ല നിയമത്തിന്റെ വഴിക്ക് എല്ലാം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ മേഖലയിലെ ആരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഏഴ് അംഗ അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. നടിമാരുടെ വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. പരാതിക്കാരുടെ മൊഴിയെടുക്കുകയും മൊഴിയിൽ ഉറച്ചു നിന്നാൽ കേസെടുക്കുകയും ചെയ്യാനാണ് തീരുമാനം. അന്വേഷണ സംഘത്തിന്‍റെ മേല്‍നോട്ടം ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനായിരിക്കും. ഐജി സ്പര്‍ജന്‍ കുമാര്‍ നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ എസ്. അജീത ബീഗം, മെറിന്‍ ജോസഫ്, ജി. പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്‌റെ എന്നിവരുമുണ്ട്.