22 ന് രാത്രി താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം
പൊതു ജനങ്ങള്‍ ഇതുവഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം ഉപയോഗിക്കേണ്ടി വരുമെന്ന് കലക്ടര്‍ അറിയിച്ചു
കോഴിക്കോട്: ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്‍റര്‍ ചേംബർ വഹിക്കുന്ന എച്ച്.ജി.ബി ഗൂണ്‍സ് ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട് പോകാന്‍ അനുമതി നല്‍കിയതിനാല്‍ ഡിസംബര്‍ 22 ന് രാത്രി 11 മണി മുതല്‍ അടിവാരം മുതല്‍ ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും മറ്റു വാഹനങ്ങള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ഈ സമയം ഇതുവഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം ഉപയോഗിക്കേണ്ടി വരുമെന്നും കലക്ടര്‍ അറിയിച്ചു.
കര്‍ണാടകയിലെ നഞ്ചങ്കോടുള്ള ബിസ്‌കറ്റ് ഫാക്ടറിയിലേക്കുള്ള മെഷീനുകളുമായി എത്തിയ ട്രെയ്‍ലറുകളാണ് യാത്രക്ക് പുറപ്പെടുന്നത്. 16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളാണ് ലോറിയിലുള്ളത്. ചുരം കയറിയാൽ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്നതിനാലാണ് നേരത്തെ അനുമതി നല്‍കാതിരുന്നത്. പന്ത്രണ്ടോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ട്രെയ്‍ലറുകള്‍ രണ്ടര മാസത്തോളമായി താമരശ്ശേരി ചുരത്തില്‍ കുടുങ്ങി കിടക്കുകയാണ്. അടിവാരം പൊലീസ് ഔട്ട് പോസ്റ്റിന് സമീപത്തായി ദേശീയപാതയോരത്താണ് ലോറികള്‍ നിലവില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.