'നവകേരള ജനസദസിൽ സഹകരിച്ചില്ല'; പഞ്ചായത്ത് സെക്രട്ടറിമാർക്ക് സ്ഥലംമാറ്റം

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ജനസദസ്സിന് നവംബർ 18ന് മഞ്ചേശ്വരത്താണു തുടക്കമാകുന്നത്

Update: 2023-10-30 12:18 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസുമായി സഹകരിക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാർക്ക് സ്ഥലംമാറ്റം. കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽനിന്നായി നാല് ഉദ്യോഗസ്ഥർക്കെതിരെയാണു നടപടി. തദ്ദേശ വകുപ്പാണു സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ എൻ, പാലക്കാട് പരുതൂർ സെക്രട്ടറി ഷാജി എസ്.എൽ, ആനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേന്ദ്രൻ പി.കെ, കോഴിക്കോട് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനീഷ വി എന്നിവരെയാണ് സ്ഥലം മാറ്റിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനസദസ്സിനു മുന്നോടിയായുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളോട് സഹകരിച്ചില്ലെന്നാണു നടപടിക്കു കാരണമായി പറയുന്നത്. സംഘാടക സമിതി, നിയോജകണ്ഡലം യോഗങ്ങളിൽ പങ്കെടുത്തില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

നവംബർ 18ന് മഞ്ചേശ്വരത്താണു ജനസദസ്സിനു തുടക്കമാകുന്നത്. സംസ്ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. ജനസമ്പർക്കത്തിനു പുറമെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി കൂടിക്കാഴ്ച നടക്കും. കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് ഹൈബ്രിഡ് ബസിലായിരിക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര. വേദിയിൽ എയർകണ്ടീഷൻ ഒരുക്കും. ചീഫ് സെക്രട്ടറി വി. വേണുവിനാണ് പ്രചാരണ ചുമതല. പാർലമെന്ററികാര്യ മന്ത്രി കെ. രാധാകൃഷ്ണനാണ് സംസ്ഥാനതല കോ-ഓർഡിനേറ്റർ. പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് കഴിഞ്ഞ ദിവസം മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.

Summary: The Local Self-Government Department has issued an order to transfer the panchayat secretaries who, allegedly, did not cooperate with the state government's Nava Kerala Sadas.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News