'തിരുമനസ്സും രാജ്ഞിയും വേണ്ട'; വിവാദ നോട്ടീസ് പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്
പരിപാടി നിശ്ചയിച്ച പ്രകാരം നടത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
തിരുവനന്തപുരം: ക്ഷേത്രപ്രവേശനം സംബന്ധിച്ച നോട്ടീസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പിൻവലിച്ചു. നോട്ടീസ് വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനം. പരിപാടി നിശ്ചയിച്ച പ്രകാരം നടത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
നോട്ടീസിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മനസിൽ അടിഞ്ഞിരിക്കുന്ന ജാതി ചിന്ത പെട്ടന്ന് പോവില്ല. അതിങ്ങനെ തികട്ടിവരും. ജാതിവ്യവസ്ഥയുണ്ടാക്കിയ ദുരന്തം മാറണമെങ്കിൽ ജാതി രഹിത സമൂഹമുണ്ടാകണമെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. ബോർഡ് പ്രസിഡൻറ് കെ.അനന്ത ഗോപനുമായി മന്ത്രി സംസാരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നോട്ടീസ് പിൻവലിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
ക്ഷേത്രപ്രവേശന വിളംബരദിന വാർഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ നോട്ടീസാണ് വിവാദമായത്. തിരുവിതാംകൂർ രാജകുടുംബത്തെ പുകഴ്ത്തിക്കൊണ്ടുള്ളതാണ് നോട്ടീസ്. ചടങ്ങില്‍ ഭദ്രദീപം കൊളുത്തുക തിരുവിതാംകൂർ രാജ്ഞിമാരായ പൂയം തിരുനാൾ ഗൗരീപാർവതീഭായിയും അശ്വതി തിരുനാൾ ഗൗരീലക്ഷ്മീഭായിയും എന്നാണ് നോട്ടീസില്‍ പറയുന്നത്.
നോട്ടീസ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തിങ്കളാഴ്ച നന്തന്‍കോടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്താണ് പരിപാടി നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ അനന്തഗോപനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങിലേക്കാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്.