തൃപ്പൂണിത്തുറ സ്ഫോടനം; 329 വീടുകളെ ബാധിച്ചെന്ന് റിപ്പോർട്ട്, നാല് സർക്കാർ ഓഫീസുകൾക്കും കേടുപാട്

തൃപ്പൂണിത്തുറ നഗരസഭയുടെ എൻജിനിയറിങ്ങ് വിഭാഗം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് കൈമാറി

Update: 2024-02-18 03:33 GMT
Advertising

കൊച്ചി: തൃപ്പൂണിത്തുറ ചൂരക്കാടുണ്ടായ സ്ഫോടനം ബാധിച്ചത് 329 വീടുകളെന്ന് നഗരസഭയുടെ റിപ്പോർട്ട്. ഒരു വീട് പൂർണമായും ആറ് വീടുകൾ ഭാഗികമായും തകർന്നു. നാല് സർക്കാർ ഓഫീസുകൾക്കും കേടുപാടുകൾ സംഭവിച്ചതായി തൃപ്പൂണിത്തുറ നഗരസഭയുടെ എൻജിനിയറിങ്ങ് വിഭാഗം ജില്ലാ കലക്ടർക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. 

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് തൃപ്പൂണിത്തുറയെ നടുക്കിയ സ്ഫോടനമുണ്ടായത്. സ്ഫോടനം ഒന്നര കിലോമീറ്റർ പരിധിയിലാണ് പ്രകമ്പനം സൃഷ്ടിച്ചത്. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും നശിക്കുന്നതിനും കാരണമായിരുന്നു. പിന്നാലെയാണ് വിശദമായ കണക്കെടുപ്പിലേക്ക് തൃപ്പൂണിത്തുറ നഗരസഭ കടന്നത്. പരിശോധനയിൽ 329 വീടുകൾക്ക് നാശം സംഭവിച്ചെന്ന് കണ്ടെത്തി. ഒരു വീട് പൂർണമായും തകർന്നു.

ആറ് വീടുകളുടെ വാതിലുകളും ഭിത്തികളും നശിച്ചിട്ടുണ്ട്. മറ്റ് 322 വീടുകളുടെ ജനൽ പാളികൾക്കാണ് തകർച്ച. ഹോമിയോ ക്ലിനിക്, എംപ്ലോയ്മെന്റ് ഓഫീസ് , കാർഷിക സഹകരണ ബാങ്ക് അടക്കമുള്ള നാല് സർക്കാർ ഓഫീസുകൾക്കും മൂന്ന് സ്വകാര്യ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

നഗരസഭയുടെ എൻജിനീയറിങ് വിഭാഗം നൽകിയ റിപ്പോർട്ട് ജില്ലാ കലക്ടർ നാളെ സർക്കാറിന് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക. അതിനിടെ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ ഹൈക്കോടതിയെ സമീപിക്കും. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News