അയ്യപ്പന്റെ ചിത്രം തെരഞ്ഞെടുപ്പിന് ഉപയോഗിച്ചെന്ന ആരോപണം; കെ. ബാബുവിനെതിരായ ഹരജിയിൽ വിധി ഇന്ന്
കെ.ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് എം. സ്വരാജിന്‍റെ ആവശ്യം
കൊച്ചി: തൃപ്പൂണിത്തുറ എം.എൽ.എ കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സ്വരാജ് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് പി.ജി അജിത്കുമാറാണ് കേസിൽ വിധി പറയുക.
തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിൽ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചെന്നാണ് കെ.ബാബുവിനെതിരായ എം.സ്വരാജിന്റെ ആരോപണം. അതിനാൽ കെ.ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ഹരജിയിലൂടെ സ്വരാജ് ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വെച്ചന്നാണ് പ്രധാന ആരോപണം. കെ.ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് പേരിൽ മണ്ഡലത്തിൽ പ്രചാരണം നടത്തിയെന്നും സ്വരാജ് ആരോപിച്ചിരുന്നു. കെ.ബാബുവിന്റെ ഫേസ്ബുക്ക് പേജിലെ തെളിവുകളും വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പും സ്വരാജ് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ അയ്യപ്പന്റെ പേരിൽ വോട്ടു പിടിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കാലത്തോ അതിനെ തൊട്ടടുത്ത ദിവസങ്ങളിലോ ഇത്തരം പരാതി എൽഡിഎഫ് ഉയർത്തിയിട്ടില്ലെന്നുമാണ് കെ.ബാബുവിന്റെ വാദം.
തെരഞ്ഞെടുപ്പ് കേസായതിനാൽ പ്രധാനപ്പെട്ട സാക്ഷികളെയും കോടതി നേരിട്ട് വിസ്തരിച്ചിരുന്നു. 2021 ജൂണിലാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. സ്വരാജിന്റെ തെരഞ്ഞെടുപ്പ് ഹരജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ.ബാബു ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി നിലനിൽക്കുമെന്നും വിചാരണ വേഗത്തിൽ പൂർത്തിയാക്കി വിധി പറയണമെന്നുമായിരുന്നു സുപ്രിംകോടതി നൽകിയ നിർദേശം.