"അവൾക്കൊരു കുഴപ്പവുമില്ലായിരുന്നു, ഇൻജക്ഷൻ എടുക്കുന്നതിന് മുമ്പ് വരെ അമ്മയോട് സംസാരിച്ചതാ..."
ആസ്മയുള്ള യുവതിയുടെ രോഗവിവരങ്ങൾ തിരക്കാതെയാണ് കുത്തിവെപ്പ് എടുത്തതെന്ന് കുടുംബം
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. ആസ്മയുള്ള യുവതിയുടെ രോഗവിവരങ്ങൾ തിരക്കാതെയാണ് ആശുപത്രി അധികൃതർ കുത്തിവെപ്പ് എടുത്തതെന്നും മരുന്ന് മാത്രമാണ് നൽകിയതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ബന്ധുക്കൾ ആരോപിച്ചു.
മലയൻകീഴ് സ്വദേശിനി കൃഷ്ണയാണ് (28) ഇന്ന് രാവിലെ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കിഡ്‌നി സ്‌റ്റോണിന് ചികിത്സയ്‌ക്കെത്തിയ യുവതിയ്ക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് കുത്തിവയ്പ്പ് നൽകിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടാവുകയും തുടർന്ന് ആറാം നാൾ മരിക്കുകയുമായിരുന്നു. ബന്ധുക്കൾ കൂടെയില്ലാതിരുന്ന സമയത്താണ് കുത്തിവെപ്പ് നൽകിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
കുടുംബത്തിന്റെ ആരോപണം:
യൂറിനറി ഇൻഫക്ഷൻ ആണെന്ന് വിചാരിച്ചാണ് കൃഷ്ണ വീട്ടിൽ നിന്ന് പോകുന്നത്. നെയ്യാറ്റിൻകരയിൽ വെച്ച് ചില ടെസ്റ്റുകൾ നിർദേശിച്ചു. ഇതിന്റെ റിസൾട്ട് വാങ്ങാൻ കൃഷ്ണയുടെ ഭർത്താവ് ശരത് പോകുന്ന സമയം നോക്കി ആശുപത്രിയിൽ നിന്ന് കൃഷ്ണയ്ക്ക് കുത്തിവെപ്പ് നൽകി. അതിന് മുമ്പ് ഒരു കുഴപ്പവുമില്ലാതെ കൃഷ്ണ അമ്മയോട് സംസാരിച്ചിരുന്നു. കുത്തിവെച്ചതിന് പിന്നാലെ കൃഷ്ണയ്ക്ക് ശ്വാസം മുട്ടലുണ്ടായി, പിന്നാലെ മുഖത്തും കണ്ണിന് സമീപത്തുമായി കറുത്ത പാടുകളും വന്നു. ബോധവും ഉണ്ടായിരുന്നില്ല. ഉടൻ തന്നെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇൻജക്ഷൻ അല്ല, മരുന്നാണ് നൽകിയതെന്ന വാദം തെറ്റാണ്. ഡോക്ടർ ഇൻജക്ഷൻ നൽകി എന്ന് പറയുന്ന വോയ്‌സ് ക്ലിപ് അടക്കം ഉണ്ട്. ആളില്ലാത്ത സമയത്ത് ഏത് ഇൻജക്ഷൻ ആണ് ഡോക്ടർ നൽകിയതെന്ന് എങ്ങനെ പറയും. എന്ത് മരുന്നാണ് കൊടുത്തതെന്ന് ചോദിച്ചിട്ട് പോലും ആശുപത്രി അധികൃതർ പറഞ്ഞില്ല. ഞങ്ങളൊന്നും ചെയ്തിട്ടില്ലെന്നാണ് അവർ ആവർത്തിച്ചത്. ഏഴോ എട്ടോ ബോട്ടിലിൽ മരുന്ന് ഡ്രിപ്പിടാൻ കുത്തി വെച്ചിരുന്നു. ചുവന്ന ബോട്ടിലിൽ ഒരു ഡ്രിപ്പ് ഇട്ടു എന്ന് അടുത്ത ബെഡിലുണ്ടായിരുന്നവർ പറഞ്ഞിട്ടുണ്ട്. ഡ്രിപ്പ് ഇട്ട് കഴിഞ്ഞപ്പോൾ തന്നെ ശരീരം മുഴുവൻ നീലക്കളറായി, പിന്നീട് അനക്കമില്ല. തുടർന്ന് ആംബുലസിൽ മെഡിക്കൽ കോളജിലെത്തി.
90 ശതമാനം ജീവനും നഷ്ടപ്പെട്ടു എന്നാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ അറിയിച്ചത്. എങ്കിലും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. മികച്ച ചികിത്സയാണ് മെഡിക്കൽ കോളജിൽ നിന്ന് നൽകിയത്.