മീഡിയവണ്‍ സംഘത്തിന് നേരെ കയ്യേറ്റം: ശക്തമായ നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ

മീഡിയവണ്‍ സംഘത്തെ കയ്യേറ്റം ചെയ്തത് പ്രതിഷേധാർഹമെന്ന് തിരുവനന്തപുരം പ്രസ്ക്ലബ്

Update: 2024-08-12 11:38 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷം ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ വാർത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ സെക്രട്ടറിയേറ്റ് ജീവനക്കാർ തമ്മിലുള്ള സംഘർഷം ചിത്രീകരിച്ചതിനാണ് മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ്‌ ആഷിക്ക് ക്യാമറാമാൻ സിജോ സുധാകരൻ ഡ്രൈവർ സജിൻലാൽ എന്നിവരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഘർഷം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കും എന്നുൾപ്പെടെ ഭീഷണിപ്പെടുത്തിയായിരുന്നു ജീവനക്കാരുടെ കയ്യേറ്റം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന്‌ സർക്കാരിനോടും ചീഫ് സെക്രട്ടറിയോടും യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഷില്ലർ സ്റ്റീഫനും സെക്രട്ടറി അനുപമ ജി നായരും ആവശ്യപ്പെട്ടു.

മീഡിയവണ്‍ സംഘത്തെ കയ്യേറ്റം ചെയ്തത് പ്രതിഷേധാർഹം: തിരുവനന്തപുരം പ്രസ്ക്ലബ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷം ചിത്രീകരിച്ച മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തതിലും ഭീഷണിപ്പെടുത്തിയതിലും തിരുവനന്തപുരം പ്രസ്ക്ലബ് പ്രതിഷേധിച്ചു. മന്ത്രിയുടെ വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയവൺ റിപ്പോർട്ടർ മുഹമ്മദ് ആഷിക് , ക്യാമറാമാൻ സിജോ സുധാകരൻ, ഡ്രൈവർ സജിൻലാൽ എന്നിവരെയാണ് സെക്രട്ടറിയേറ്റ് ജീവനക്കാരടക്കുള്ളവർ കയ്യേറ്റം ചെയ്തത്.

ജീവനക്കാരുടെ തർക്കം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കുമെന്നും കൈവയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമ പ്രവർത്തകരുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് സെക്രട്ടറിയേറ്റിൽ അരങ്ങേറിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡൻ്റ് പി.ആർ പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News