ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍, നേരിട്ടും ഓണ്‍ലൈനിലും ക്ലാസ്; നിര്‍ദേശങ്ങളുമായി ഐഎംഎ

സ്കൂളിലെ പഠന മണിക്കൂറുകള്‍ കുറക്കുന്ന രീതിയില്‍ സിലബസ് പുനരാവിഷ്കരിക്കണമെന്നും ഐഎംഎ അഭിപ്രായപ്പെട്ടു

Update: 2021-09-24 07:01 GMT
Editor : Nisri MK | By : Web Desk
Advertising

സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.  കൃത്യമായ മുന്നൊരുക്കങ്ങളോടെ വേണം സ്‌കൂളുകൾ തുറക്കാനെന്നും ഐഎംഎ സർക്കാരിനോട് ആവശ്യപ്പെട്ടു.

സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരും നിർബന്ധമായും വാക്‌സിൻ സ്വീകരിച്ചിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും എല്ലാം വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പിക്കണം. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാൻ അനുവാദം ലഭിക്കുന്ന മാത്രയിൽ വാക്‌സിനേഷൻ ക്യാമ്പുകൾ പഠന കേന്ദ്രങ്ങളിൽ തന്നെ സജ്ജമാക്കാൻ സന്നദ്ധരാണെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

ക്ലാസുകൾ ക്രമീകരിക്കുമ്പോൾ ഒരു ബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രമായി സാമൂഹിക അകലം പാലിക്കുന്ന രീതിയിലാകണം ഇരിപ്പിടം ക്രമീകരിക്കേണ്ടത്. ക്ലാസുകൾ വിഭജിച്ച് പഠനം നടത്തണം. ഒരു ബാച്ച് കുട്ടികൾ ക്ലാസുകളിൽ ഹാജരായി പഠനം നടത്തുമ്പോൾ അതേ ക്ലാസ് മറ്റൊരു ബാച്ചിന് ഓൺലൈനായും അറ്റന്‍ഡ് ചെയ്യാം. ഷിഫ്റ്റ് സമ്പ്രദായത്തിൽ ഇത്തരം ക്രമീകരണം സാധ്യമാണെന്നും ഐഎംഎ നിർദ്ദേശിക്കുന്നു.

ക്ലാസുകള്‍ക്ക് ഇടവേളകള്‍ ശാസ്ത്രീയമായി ക്രമീകരിക്കണം. സ്‌കൂളുകളിൽ വെച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ സിലബസിന്‍റെ ഭാഗമായി കുട്ടികളെ പഠിപ്പിക്കണം. സ്കൂളിലെ പഠന മണിക്കൂറുകള്‍ കുറക്കുന്ന രീതിയില്‍ സിലബസ് പുനരാവിഷ്കരിക്കണമെന്നും ഐഎംഎ അഭിപ്രായപ്പെട്ടു.


Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News