പാലക്കാട്ട് രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു
മണ്ണാർക്കാട് സ്വദേശികളായ ശബരീഷ്,സരോജിനി എന്നിവരാണ് മരിച്ചത്
പാലക്കാട്: മണ്ണാർക്കാട്ട് രണ്ടു പേര്‍ കുഴഞ്ഞുവീണ് മരിച്ചു. എതിർപ്പണം ശബരി നിവാസിൽ രമണി-അംബുജം ദമ്പതിമാരുടെ മകൻ ശബരീഷ് (27), പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ ശബരീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ജോലിക്ക് പോകുന്നതിനിടെ തെങ്കര രാജാസ് സ്കൂളിന് സമീപത്ത് വെച്ചാണ് സരോജിനി കുഴഞ്ഞ് വീണത്. സമീത്തുണ്ടായിരുന്നവർ ചേർന്ന് ഉടൻ പുഞ്ചക്കോട്ടെ ക്ലിനിക്കിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇരുവർക്കും സൂര്യാഘാതം ഏറ്റിട്ടുണ്ടോയെന്നത് പോസ്റ്റുമാർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പാലക്കാട് ജില്ലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത ചൂട് തുടരുകയാണ്. ചൂട് തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ളത്. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളിൽ നാളെ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.. പാലക്കാട് 40 ഉം തൃശൂരിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. താപനില ഉയരുന്ന പശ്ചാത്തലത്തിൽ ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്.