ടെക്സ്റ്റൈല്‍ അപ്പാരല്‍ പദ്ധതി; തെലങ്കാന സര്‍ക്കാരുമായി കരാറുണ്ടാക്കിയെന്ന് കിറ്റെക്സ്

രണ്ട് വര്‍ഷത്തിനകം തെലങ്കാനയില്‍ 1000 കോടി രൂപയുടെ നിക്ഷേപം നടത്തും

Update: 2021-07-10 04:46 GMT
Editor : Jaisy Thomas | By : Web Desk
Advertising

ടെക്സ്റ്റൈല്‍ അപ്പാരല്‍ പദ്ധതി തുടങ്ങാന്‍ തെലങ്കാന സര്‍ക്കാരുമായി കരാറുണ്ടാക്കിയെന്ന് കിറ്റെക്സ്. രണ്ട് വര്‍ഷത്തിനകം തെലങ്കാനയില്‍ 1000 കോടി രൂപയുടെ നിക്ഷേപം നടത്തും.

വ്യവസായ വകുപ്പുമായുളള തര്‍ക്കത്തെത്തുടര്‍ന്ന് കേരളത്തില്‍ നടപ്പാക്കാനിരുന്ന 3500 കോടിയുടെ പദ്ധതി കിറ്റക്സ് ഉപേക്ഷിച്ചുരുന്നു. കേരളത്തില്‍ നിന്ന് 3500 കോടിയുടെ പദ്ധതി പിന്‍വലിച്ചതിന് പിന്നാലെ തെലങ്കാന ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളാണ് കിറ്റെക്സ് ഗ്രൂപ്പിനെ തങ്ങളുടെ നാട്ടില്‍ സംരംഭം ആരംഭിക്കാന്‍ ക്ഷണിച്ചത്. ഒപ്പം കിറ്റെക്സ് കേരളം വിടുമെന്ന വാര്‍ത്തകളും പ്രചരിച്ചു. ഇതിന് പിന്നാലെയാണ് തെലങ്കാന സര്‍ക്കാരുമായി കരാറിലേര്‍പ്പെടാനുളള സന്നദ്ധത കിറ്റെക്സ് അറിയിച്ചത്. ഇതോടെ തെലങ്കാന സര്‍ക്കാര്‍ പ്രത്യേക വിമാനത്തില്‍ തന്നെ കിറ്റെക്സ് എംഡി സാബു ജേക്കബിനെയും സംഘത്തെയും കൂട്ടിക്കൊണ്ടുപോയി.

വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത് എന്ന സവിശേഷതയാണ് തെലങ്കാനയെ തെരഞ്ഞെടുക്കാനുളള കാരണമെന്ന് സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു. തെലങ്കാനയിലെ കാക്കത്തിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ ടെക്സ്റ്റൈല്‍ അപ്പാരല്‍ പദ്ധതി തുടങ്ങാനാണ് കരാര്‍. 1200 ഏക്കര്‍ പ്രദേശമുള്‍പ്പെടുന്നതാണ് കകാതിയ മെഗാ പാര്‍ക്ക്. ഇതിനായി രണ്ട് വര്‍ഷത്തിനകം തെലങ്കാനയില്‍ 1000 കോടി രൂപയുടെ നിക്ഷേപം നടത്തും. 4000 പേര്‍ക്ക് തൊഴിലവസരം നല്‍‌കാനാകുന്നതാണ് പദ്ധതിയെന്നും കിറ്റെക്സ് വ്യക്തമാക്കി.

3500 കോടിയുടെ രൂപയുടെ നിക്ഷേപം കേരളത്തിൽ നിന്ന് പിൻവലിക്കുന്നുവെന്ന് പറഞ്ഞിട്ട് ആരും തന്നെ തിരിഞ്ഞ് നോക്കിയില്ലെന്നായിരുന്നു തെലങ്കാനയിലേക്ക് പുറപ്പെടും മുമ്പ് സാബു ജേക്കബ് ആരോപിച്ചത്. പുതിയ നിക്ഷേപങ്ങൾ കേരളത്തിന് പുറത്ത് നടത്താനാണ് കിറ്റെക്സിന്‍റെ തീരുമാനം. പിടിച്ച് നിൽക്കാനായില്ലെങ്കിൽ നിലവിലുള്ള വ്യവസായം കൂടി കേരളത്തിന് പുറത്തേക്ക് കൊണ്ടു പോകുന്നത് സംബന്ധിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് കിറ്റെക്സ് നിലപാട്. 


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News