പി സി ജോർജിന്റെ വിദ്വേഷ പരാമർശം: പരാതിക്കാരന്റെ മൊഴിയെടുത്ത് പൊലീസ്
പരാതി നൽകി നാല് ദിവസം കഴിഞ്ഞാണ് പൊലീസ് നടപടി
കോട്ടയം: മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്ന ബിജെപി നേതാവ് പിസി ജോർജിനെതിരായ പരാതിയിൽ മൊഴി രേഖപ്പെടുത്തി ഈരാറ്റുപേട്ട പൊലീസ്. പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് യഹിയ സലിമിൻ്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ അഞ്ചാം തിയതിയാണ് ജനം ടിവി ചർച്ചയിൽ പിസി ജോർജ് വിവാദ പ്രസ്താവന നടത്തിയത്. തുടർന്ന് ആറാം തീയതി യൂത്ത് ലീഗ് പരാതി നൽക്കുകയായിരുന്നു.
യൂത്ത് ലീഗിനെ കൂടാതെ, എസ്ഡിപിഐ, വെൽഫയർ പാർട്ടിയടക്കമുള്ള രാഷ്ട്രീയ പാർട്ടികളും പരാതി നൽകിയിട്ടുണ്ട്. ഏഴോളം പരാതികളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സംഭവത്തിൽ ലഭിച്ചത്. അതേസമയം, ഇന്നലെ വരെ പോലീസ് നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇന്ന് ഉച്ചക്കാണ് ആദ്യ പരാതിക്കാരനായ യഹിയ സലിമിനെ പോലീസ് മൊഴിയെടുക്കാൻ വിളിക്കുന്നത്.