എൻഎം വിജയന്റെ ആത്മഹത്യ; പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി, ഒളിവിൽ പോയിട്ടില്ലെന്ന് ഐസി ബാലകൃഷ്ണൻ

പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി

Update: 2025-01-10 12:56 GMT
Editor : സനു ഹദീബ | By : Web Desk
Advertising

വയനാട്: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെയും ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി. പതിനഞ്ചാം തീയതി വരെ അറസ്റ്റ് പാടില്ലെന്ന് പോലീസിന് കോടതി വാക്കാൽ നിർദേശം നൽകി. ഒളിവിൽ പോയിട്ടില്ലെന്നും നീതിപീഠത്തിൽ വിശ്വാസമുണ്ടെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.

എൻഎം വിജയന്റെ ആത്മഹത്യയിൽ പ്രതിചേർത്തതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രഹസ്യ കേന്ദ്രത്തിൽ തുടരുകയായിരുന്നു ഐ സി ബാലകൃഷ്ണൻ എംഎൽഎ. ഇതിനിടയിലാണ് കോടതിയിൽ നിന്നുള്ള താൽക്കാലികാശ്വാസം. പിന്നാലെ താൻ ഒളിവിലല്ലെന്നും നീതിപീഠത്തിൽ വിശ്വാസമുണ്ടെന്നും കാട്ടി ഐ സി ബാലകൃഷ്ണൻ എംഎൽഎ രംഗത്ത് വന്നിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട പ്രതികൾ, കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

എംഎൽഎ ഐസി ബാലകൃഷ്ണന് പുറമെ എൻഎം വിജയന്റെ കത്തിൽ പേര് പരാമർശിക്കുന്ന ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ, കോൺഗ്രസ് പുറത്താക്കിയ കെകെ ഗോപിനാഥൻ, മരിച്ചു പോയ പിവി ബാലചന്ദ്രൻ എന്നിവരാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട പ്രതികൾ. എന്നാൽ കത്ത് എൻഎം വിജയൻ്റേതാണ് എന്ന് ഉറപ്പിക്കാൻ ഇതുവരെ പൊലീസിനായിട്ടില്ല. കയ്യക്ഷര പരിശോധനയടക്കം ശാസ്ത്രീയ പരിശോധനയിൽ ഇത് തെളിയിക്കപ്പെടും മുമ്പ് നേതാക്കളെ പ്രതിചേർത്തത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസ് നിലപാട്. അതിനിടെ, അർബൻ ബാങ്കിലെ നിയമനത്തിന് ഐ സി ബാലകൃഷ്ണൻ എംഎൽഎ നൽകിയതെന്ന പേരിൽ ശുപാർശ കത്ത് പുറത്തുവന്നിരുന്നു. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News