'യു.ഡി.എഫിന്റെ അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ': പരിഹാസവുമായി വി.എൻ വാസവൻ
ശശി തരൂരിനെ ക്ഷണിച്ചിട്ടുണ്ടെന്നും വിൻസെന്റ് എം.എൽ.എ വിഴിഞ്ഞത്തെത്തിയെന്നും മന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഉന്നയിക്കുന്ന വാദങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി വി.എൻ വാസവൻ. നാളെ നടക്കുന്ന ട്രയൽ റണ്ണിന് യു.ഡി.എഫിനെ ക്ഷണിച്ചില്ലെന്നത് വാസ്തവ വിരുദ്ധമാണെന്നും യു.ഡി.എഫ് എം.എൽ.എ എം. വിൻസെന്റ് ഇന്ന് വിഴിഞ്ഞത്തെത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു.
ശശി തരൂർ എം.പിയെ ക്ഷണിച്ചിരുന്നുതായും അദ്ദേഹം കൂട്ടിചേർത്തു. സർക്കാർ ആരെയും ഒഴിവാക്കിയിട്ടില്ല, ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നത് യുഡിഎഫിന്റെ സ്വാതന്ത്ര്യമാണ്, നാളെ നടക്കുന്നത് ട്രയൽ റൺ മാത്രമാണ്, കമ്മീഷൻ ചെയ്യുന്ന സമയത്ത് ഔദ്യോഗിക ഉദ്ഘാടനം ഉണ്ടാകുമെന്നും അന്ന് എല്ലാവരെയും ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫിന്റെ അവകാശവാദം വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തെ പോലെയാണെന്ന് പരിഹസിച്ച മന്ത്രി ഇടതുപക്ഷ ജനാധിപത്യ മുന്നണി എപ്പോഴും പോർട്ട് വരണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഓർമിപ്പിച്ചു.
ഉമ്മൻചാണ്ടി സർക്കാർ അദാനിയുമായി ഉണ്ടാക്കിയ കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായതുകൊണ്ടാണ് എതിർത്തതെന്നും പിണറായി സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണ് തുറമുഖം യാഥാർത്ഥ്യമായതെന്നും പറഞ്ഞു. തുറമുഖത്തിന് ആരുടെ പേരിടണം എന്ന് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.