ഏക സിവില്‍കോഡ്, മണിപ്പൂര്‍ സംഘര്‍ഷം: യു.ഡി.എഫ് ബഹുസ്വരതാ സംഗമം ഇന്ന് തിരുവനന്തപുരത്ത്
ഘടകകക്ഷി നേതാക്കള്‍, വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും
തിരുവനന്തപുരം: ഏക സിവില്‍കോഡിനും മണിപ്പൂരിലെ ആക്രമണങ്ങള്‍ക്കും എതിരായ യു.ഡി.എഫ് ബഹുസ്വരതാ സംഗമം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിലാണ് സംഗമം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സംഗമത്തില്‍ അധ്യക്ഷത വഹിക്കും.
ഘടകകക്ഷി നേതാക്കള്‍, വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യു.ഡി.എഫ് നേതാക്കളായ കെ. സുധാകരൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.ജെ ജോസഫ്, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ സംസാരിക്കും. ഇതിന് തുടര്‍ച്ചയായി ആഗസ്റ്റ് ആദ്യവാരം സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ബഹുസ്വരതാ സംഗമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
മുസ്ലിം സംഘടനാ നേതാക്കളായ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍, ഹമീദ് ഫൈസി അമ്പലക്കടവ്, പി. മുജീബ് റഹ്‌മാൻ, ടി.പി അബ്ദുല്ലക്കോയ മദനി, ടി.കെ അഷറഫ്, വണ്ടൂർ അബ്ദുൽ റഹ്‌മാൻ ഫൈസി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അഡ്വ. കെ.പി മുഹമ്മദ്, ഡോ. ഫസൽ ഗഫൂർ, പാളയം ഇമാം വി.പി ഷുബൈബ് മൗലവി, വിവിധ ക്രൈസ്തവ മതവിഭാഗങ്ങളിൽനിന്നായി ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ. സാമുവേൽ മാർ ഐറേനിയോസ്, ഡോ. ജോസഫ് മാർ ബർണബാസ്, ബിഷപ് റവ. ഉമ്മൻ ജോർജ്, ബിഷപ് ധർമരാജ് റസാലം, മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ. മോർളി കൈതപ്പറമ്പിൽ, സാംസ്‌കാരിക നേതാക്കളായ അടൂർ ഗോപാലകൃഷ്ണൻ, ജോർജ് ഓണക്കൂർ, പെരുമ്പടവം ശ്രീധരൻ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
Summary: UDF Bahuswaratha Sangamam on the issues including, Uniform Civil Code and Manipur violence, to be held in Thiruvananthapuram today