യു.ഡി.എഫ് എം.എല്‍.എ മാരുടെ സത്യഗ്രഹസമരം അവസാനിപ്പിച്ചു
മുഖ്യമന്ത്രിയും മന്ത്രിമാരും ഭരിക്കുകയല്ല സുഖിക്കുകയാണെന്നും എല്ലാ കാലത്തും അധികാരത്തിലിരിക്കാനാകില്ലെന്നും ഷാഫി പറമ്പില്‍
തിരുവനന്തപുരം: നികുതി വര്‍ധനക്കെതിരെ യു.ഡി.എഫ് എം.എല്‍.എ മാര്‍ നടത്തി വന്ന സത്യഗ്രഹസമരം അവസാനിപ്പിച്ചു. മറ്റ് സമരപരിപാടികളുമായി ശക്തമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഭരിക്കുകയല്ല സുഖിക്കുകയാണെന്നും എല്ലാ കാലത്തും അധികാരത്തിലിരിക്കാനാകില്ലെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. ഷാഫി പറമ്പിൽ, മാത്യു കുഴൽ നാടൻ, സിആർ മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് നികുതി വര്‍ധനക്കെതിരെ നിയമസഭയില്‍ സത്യഗ്രഹം നടത്തിയത്.
പ്രതിപക്ഷ പ്രതിഷേധം; സഭ പിരിഞ്ഞു
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. 47 മിനിറ്റിൽ നടപടികൾ പൂർത്തിയാക്കിയാണ് സഭ പിരിഞ്ഞത്. ഈ മാസം 27 ന് സഭ വീണ്ടും ചേരും. ബജറ്റിലെ നികുതി നിർദേശങ്ങൾ പിൻവലിക്കാത്തതിനെതിരെ നിയമസഭക്ക് അകത്തും പുറത്തും വലിയ പ്രതിഷേധങ്ങളാണ് ഇന്ന് അരങ്ങേറിയത്. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ യു ഡി എഫ് എം എൽ എമാർ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ബഹളത്തെ തുടർന്ന് സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കി. നികുതി നിർദേശങ്ങൾ ജനജീവിതം താളം തെറ്റിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
രാവിലെ ഹോസ്റ്റലിൽ നിന്നും പ്രകടനമായാണ് യു.ഡി.എഫ് എം.എല്‍.എ മാര്‍ നിയമസഭയിലെത്തിയത്. സർക്കാറിന് ജനങ്ങളോട് പുച്ഛമാണെന്നും സെസ് പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.