രാഷ്ട്രീയത്തിൽ പുതിയ ആളല്ല, കോൺഗ്രസിൽ സ്ത്രീകൾക്ക് പ്രാധാന്യമുണ്ട്- ഉമ തോമസ്

'തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ എല്ലാവരുടെയും പിന്തുണയുണ്ട്, പി.ടിയെ പിന്തുണച്ച മണ്ഡലത്തിലെ എല്ലാ വിഭാഗത്തിന്റെയും വോട്ട് ലഭിക്കും'

Update: 2022-05-03 15:51 GMT
Advertising

കൊച്ചി: രാഷ്ട്രീയത്തില്‍ താന്‍ പുതിയ ആളല്ലെന്ന് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ്. തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ എല്ലാവരുടെയും പിന്തുണയുണ്ട്, പി.ടിയെ പിന്തുണച്ച മണ്ഡലത്തിലെ എല്ലാ വിഭാഗത്തിന്റെയും വോട്ട് ലഭിക്കും. തൃക്കാക്കരയിൽ പി.ടി. ബാക്കിവെച്ച കാര്യങ്ങൾ പൂർത്തിയാക്കുമെന്നും ഉമ തോമസ് പറ‍ഞ്ഞു. ഹൈക്കമാന്‍റിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മീഡിയവണിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം. 

"രാഷ്ട്രീയത്തില്‍ പി.ടിയുടെ നിഴലായി പുറകില്‍ തന്നെയുണ്ടായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ പി.ടിക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എസ്‍.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ് ഞാന്‍. കോളജില്‍ പഠിക്കുമ്പോള്‍ വനിതാ പ്രതിനിധിയായിരുന്നു. പിന്നീട് എസ്.എഫ്.ഐക്കെതിരെ മത്സരിച്ച്, കെ.എസ്.യുവിലെ എല്ലാവരും തോറ്റപ്പോഴും കോളജ് യൂണിയൻ വൈസ് ചെയർപേഴ്സണായി ഞാന്‍ തെര‍ഞ്ഞെടുക്കപ്പെട്ടു,"  ഉമ തോമസ് പറയുന്നു. 

തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് ജയം ഉറപ്പാണ്. പി.ടി കൈവിടാത്ത ജനം തന്നെയും കൈവിടില്ല. പാർട്ടിയിൽ എതിരാളികളില്ല. മണ്ഡലത്തിൽ വർഗീയ പ്രചാരണം വിലപ്പോവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പാർട്ടി അധ്യക്ഷ തന്നെ വനിതയാണല്ലോയെന്നും ജെബി മേത്തറെ എം.പിയാക്കിയത് എല്ലാ ഘടകങ്ങളും പരിഗണിച്ചാണെന്നും ഉമ തോമസ് പറ‍ഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പി.ടിയുടെ ഇടപെടലിനെക്കുറിച്ചും ഉമ തോമസ് ഓര്‍ത്തു. "സംഭവമറിഞ്ഞപ്പോള്‍ പി.ടി വളരെ അസ്വസ്ഥനായിരുന്നു. സാറ് തന്ന ധൈര്യമാണ് മുന്നോട്ട് നയിച്ചതെന്ന് ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ചപ്പോള്‍ പറഞ്ഞു. ഒരച്ഛനെന്നപോലെ സത്യം എന്നായാലും ജയിക്കുമെന്ന് പി.ടി ആശ്വസിപ്പിച്ചെന്നും പറഞ്ഞു" ഉമ തോമസ് പറഞ്ഞു.  

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News